‘തൊഴിലുറപ്പ് തൊഴിലാളികളെ സിപിഎം സമരങ്ങൾക്ക് ഉപയോഗിക്കുന്നു’
1486376
Thursday, December 12, 2024 2:49 AM IST
ചക്കിട്ടപാറ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളെ രാവിലെ പണി സ്ഥലത്തുവന്ന് ഫോട്ടോ എടുത്തതിനു ശേഷം സിപിഎമ്മിന്റെ സംഘടനയായ തൊഴിലുറപ്പ് യൂണിയന്റെ നേതൃത്വത്തിൽ ഇന്നലെ പോസ്റ്റാഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരത്തിൽ നിർബന്ധിച്ച് പങ്കെടുപ്പിച്ച നടപടിക്കെതിരേ പ്രതിഷേധവുമായി ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രംഗത്ത്.
സമരത്തിന് ശേഷം തൊഴിലാളികൾ വീണ്ടും പണിസ്ഥലത്ത് എത്തുകയും പണി എടുക്കുകയും ചെയ്യുകയുണ്ടായി. രാവിലെ തൊഴിൽ സ്ഥലത്തെത്തുകയും സമരത്തിൽ പങ്കെടുക്കാതിരിക്കുകയും ചെയ്ത മറ്റ് തൊഴിലാളികളെ ഒപ്പിടാൻ സമ്മതിക്കുകയില്ലെന്ന നിലപാടെടുത്ത മേറ്റുമാർക്കെതിരേ നടപടി വേണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. സമരത്തിൽ പങ്കെടുത്തില്ലെങ്കിൽ രാവിലെ എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യുമെന്ന് മേറ്റുമാർ ഭീഷണിപ്പെടുത്തിയെന്ന് തെഴിലാളികൾ വ്യക്തമാക്കിയിട്ടുണ്ട്.
വാർഡ് 4, 9, 10, 11, 12, 14 തുടങ്ങി ചക്കിട്ടപാറ പഞ്ചായത്തിലെ മിക്ക വാർഡുകളിൽ നിന്നും തൊഴിലാളികളും മേറ്റ്മാരും തൊഴിലിന് ഇറങ്ങിയതിനുശേഷം സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കാതെ തൊഴിൽ സ്ഥലത്ത് നിന്ന തൊഴിലാളികൾ ഇതിൽ ശക്തമായ പ്രതിഷേധം അറിയിച്ചു. സമരത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് എല്ലാ തൊഴിലാളികളോടും 20 രൂപ വീതം നിർബന്ധിത പിരിവ് മേറ്റുമാർ ആവശ്യപ്പെടുകയും കൊടുക്കാത്തവരുടെ പേര് അടുത്ത മസ്ട്രോളിൽ വയ്ക്കുകയില്ലെന്നു പറഞ്ഞ് മാനസികമായി പീഡിപ്പിക്കുകയും ചെയ്യുകയുണ്ടായി.
പാർട്ടി പരിപാടികളിൽ തൊഴിലുറപ്പ് തൊഴിലാളികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നത് ചക്കിട്ടപാറയിൽ സ്ഥിരം പരിപാടിയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരം പഞ്ചായത്ത് പടിക്കൽ നടത്തുമെന്ന് കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുന്നറിയിപ്പ് നൽകി.