ആര്‍ടിഒയും പോലീസും രംഗത്തിറങ്ങി; ഒറ്റരാത്രികൊണ്ട് പിഴയിട്ടത് 19.33 ലക്ഷം രൂപ
1486385
Thursday, December 12, 2024 2:49 AM IST
കോഴിക്കോട്: വെള്ളയില്‍ ബീച്ച് റോഡില്‍ ആഡംബര കാറുകളുപയോഗിച്ചുള്ള മത്സരഓട്ടം ചിത്രീകരിക്കുന്നതിനിടെ വീഡിയോഗ്രാഫര്‍ മരണമടഞ്ഞ സംഭവത്തെ തുടര്‍ന്ന് പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ എട്ടുമണിക്കൂര്‍ രാത്രികാല വാഹന പരിശോധനയില്‍ ഈടാക്കിയത് 19,33,700 രൂപ. കോഴിക്കോട് നഗരത്തിലും നന്മണ്ട, കൊടുവള്ളി ഫറോക്ക് സബ് റീജണല്‍ ട്രാന്‍സ്്പോര്‍ട്ട് ഓഫീസുകളുടെ പരിധിയിലുമായിരുന്നു പരിശോധന. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമുതല്‍ പുലര്‍ച്ചെ മൂന്നുവരെ നടത്തിയ പരിശോധനയില്‍ 788 വാഹനങ്ങളില്‍ നിയമലംഘനം കണ്ടെത്തി.
കോഴിക്കോട് ആര്‍ടിഒ പി.എ. നസീറിന്റെയും കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ സന്തോഷ് കുമാറിന്റെയും ഡിടിസി സ്ക്വാഡിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. കോഴിക്കോട് നോര്‍ത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാര്‍ അടങ്ങുന്ന ഒന്‍പത് പോലീസ് സ്ക്വാഡും പങ്കെടുത്തു.
മറ്റു വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുംവിധം കണ്ണഞ്ചിപ്പിക്കും വിധം പ്രകാശം പരത്തി ഓടിയ 172 വാഹനങ്ങള്‍, രൂപമാറ്റം വരുത്തിയ 46 വാഹനങ്ങള്‍, അമിതഭാരം കയറ്റിയ ഏഴു വാഹനങ്ങള്‍, ഫിറ്റ്നസ്, നികുതി, പെര്‍മിറ്റ് ഇല്ലാത്ത 26 വാഹനങ്ങള്‍ എന്നിവക്കെതിരെയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹന ഓടിച്ച മൂന്നുപേര്‍ക്കെതിരെയും ലൈസന്‍സില്ലാതെ വാഹനം ഓടിച്ച 39 ആളുകള്‍ക്കെതിരെയും മദ്യപിച്ച് വാഹനം ഓടിച്ച ഒരാള്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. 486 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. പിഴ ഈടാക്കിയതിനു പുറമെ, ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യല്‍ നടപടികളും സ്വീകരിച്ചു.