കാറിന് സൈഡ് നൽകിയില്ല; ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദിച്ചു
1486380
Thursday, December 12, 2024 2:49 AM IST
നാദാപുരം: കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് ഓടികൊണ്ടിരുന്ന സ്വകാര്യ ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദിച്ചു. തണ്ണീർപന്തൽ-വടകര റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കാണ് മർദനമേറ്റത്. അരൂർ സ്വദേശിയായ ഡ്രൈവർ ഹരികൃഷ്ണൻ (24), വള്ളിയാട് സ്വദേശിയായ കണ്ടക്ടർ മിഥുൻ (37) എന്നിവരാണ് ആക്രമണത്തിനിരയായത്.
കണ്ണിന് സാരമായി പരിക്കേറ്റ മിഥുനെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തണ്ണീർപന്തലിന് സമീപം സിസി മുക്കിൽ ബസ് തടഞ്ഞുനിർത്തി കാറിലെത്തിയവർ അസഭ്യം വിളിക്കുകയും പട്ടികവടികൾ ഉൾപ്പെടെ ഉപയോഗിച്ച് മർദിക്കുകയായിരുന്നുവെന്ന് ബസ് ജീവനക്കാർ പറഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.