നബാർഡ് പ്രതിനിധികൾ കട്ടിപ്പാറ പഞ്ചായത്ത് സന്ദർശിച്ചു
1486233
Wednesday, December 11, 2024 7:31 AM IST
താമരശേരി: കട്ടിപ്പാറ പഞ്ചായത്തിന്റെ ക്ഷണം സ്വീകരിച്ച് നബാർഡ് ഡിഡിഎം രാഗേഷ് ഉൾപ്പെടെ ഉന്നതാധികാരികൾ കട്ടിപ്പാറപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. കൃഷിയുടെയും ടൂറിസം, ആരോഗ്യ - പശ്ചാത്തല മേഖലകളുടെയും സമഗ്ര വികസനം കൈവരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി വിശദമായ ചർച്ചകൾ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചകളിൽ നബാർഡ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സെക്രട്ടറി ഇൻചാർജ് ശ്രികുമാർ തുടങ്ങിയവർ പങ്കെടുത്തു.
കാർഷിക മേഖലകളിൽ ആധുനിക കൃഷി രീതികൾ പരിചയപ്പെടുത്തുമെന്നും സഹായങ്ങൾ നല്കുമെന്നും കർഷക കൂട്ടായ്മകൾ (എഫ്പിഒ) രൂപീകരിച്ച് കർഷകർക്ക് ഏറ്റവും വിപണിമൂല്യം ലഭിക്കുന്ന കൃഷിരീതികൾ അവലംഭിക്കണമെന്നും ഡിഡിഎം അഭിപ്രായപ്പെട്ടു.
ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ പ്രദേശമായതിനാൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ഗ്രാമീണ റോഡുകൾ ഉൾപ്പെടെ വിപുലപ്പെടുത്തുന്നതിന് പദ്ധതികൾ തയാറാക്കി സമർപ്പിക്കുന്നതിന് നിർദേശിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ കാർഷിക പദ്ധതികൾ മുഴുവൻ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്പിഒ) വഴിയായതിനാൽ ഓരോ മേഖലയിലെയും കർഷകരെ ഉൾപ്പെടുത്തി വിവിധ കർഷക കൂട്ടായ്മകൾക്ക് രൂപം നൽകുവാൻ തീരുമാനിച്ചു. വൈസ് പ്രസിഡന്റ് സാജിത ഇസ്മായിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അബൂബക്കർ കുട്ടി, ബേബി രവീന്ദ്രൻ എന്നിവർ പഞ്ചായത്തുതല കാര്യങ്ങൾ വിശദീകരിച്ചു.