സിഐടിയുവിന്റെ സമരത്തിൽ തൊഴിലുറപ്പിനു അവധി നൽകി; പ്രതിഷേധവുമായി തൊഴിലാളികൾ; ഉദ്യോഗസ്ഥർ മുട്ടുമടക്കി
1486375
Thursday, December 12, 2024 2:49 AM IST
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ 10,17 വാർഡുകളിൽ തൊഴിലുറപ്പിന് അവധി നൽകി സിഐടിയുവിന്റെ സമരത്തിന് തൊഴിലാളികളെ കൊണ്ടുപോകുവാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമം ശക്തമായ എതിർപ്പിനിടയാക്കി. ഇന്നലെ രാവിലെ തൊഴിലുറപ്പ് തൊഴിലാളികൾ ജോലിക്കെത്തിയപ്പോൾ മേറ്റുമാർ വന്നില്ല. 10, 17 വാർഡുകളിൽ നിന്നെത്തിയ തൊഴിലാളികളും യുഡിഎഫ് നേതാക്കളും പഞ്ചായത്ത് ഓഫീസിലെത്തി തൊഴിൽ നൽകണമെന്നാവശ്യപ്പെട്ട് മുദ്രാവാദ്യം മുഴക്കി.
മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്ക് ശേഷം തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ മരുതേരിയിലെയും എരവട്ടൂരിലെയും സൈറ്റിൽ എത്തി ഫോട്ടോ എടുത്ത് ഒപ്പുവെച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സിഐടിയു പ്രവർത്തകരായ മേറ്റുമാർ സൈറ്റിൽ വരാതെ സമരത്തിന് പോവുകയും പകരം ഞായറാഴ്ച ജോലി നൽകാമെന്നായിരുന്നു തൊഴിലാളികൾക്കുള്ള വാഗ്ദാനം. പ്രതിഷേധ പരിപാടിക്ക് യുഡിഎഫ് നേതാക്കളായ രാജൻ മരുതേരി, പി.കെ.രാഗേഷ്, കെ.പി.റസാക്ക്, കെ.സി.രവീന്ദ്രൻ, അർജുൻകറ്റയാട്ട്, പി.എസ്.സുനിൽ കുമാർ, രമേഷ് മഠത്തിൽ, വി.പി.സുരേഷ്, ആർ.കെ.മുഹമ്മദ്, കെ.സി.മുഹമ്മദ്, രേഷ്മ പൊയിൽ എന്നിവർ നേതൃത്വം നൽകി. തൊഴിലുറപ്പ് തൊഴിലാളികളോടു യാതൊരു ഉത്തരവാദിത്വവുമില്ലാത്ത മേറ്റുമാർക്കെതിരേ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക്-ജില്ലാ അധികാരികൾക്കു യുഡിഎഫ് പരാതി നൽകി.