വിലങ്ങാട് ഉരുൾപൊട്ടൽ; സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന്
1486234
Wednesday, December 11, 2024 7:31 AM IST
നാദാപുരം: വിലങ്ങാട് മലയോരത്ത് ഉരുൾപൊട്ടൽ നടന്ന് നാലു മാസങ്ങൾ കഴിഞ്ഞിട്ടും ദുരിത ബാധിതരുടെ പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ കാണിക്കുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് യുഡിഎഫ് നാദാപുരം നിയോജക മണ്ഡലം യോഗം ആവശ്യപ്പെട്ടു. ഉരുൾപൊട്ടൽ ഇരകൾക്ക് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം പോലും പൂർണമായും വിതരണം ചെയ്തിട്ടില്ല.
ദുരന്ത ദിവസങ്ങളിൽ കഠിനാധ്വാനം ചെയ്ത തൊഴിലാളികൾക്കുള്ള വേതനവും, ജെസിബി, ടാക്സി വാഹനങ്ങൾ തുടങ്ങിയവയുടെ വാടകയും, വിവിധ സാധനങ്ങൾ വാങ്ങിയ വകയിൽ കടകളിൽ നൽകാനുള്ള തുകയും പൂർണമായി നൽകിയിട്ടില്ല.
വിവിധ വകുപ്പുകൾ കൃത്യമായ റിപ്പോർട്ടുകൾ നൽകാത്തതിന്റെ പേരിൽ കർഷകർക്കുള്ള ആനുകൂല്യങ്ങൾ, കെട്ടിട നിർമാണങ്ങൾ, ഭൂമി കൈമാറ്റങ്ങൾ തുടങ്ങിയവയെല്ലാം തടസപ്പെട്ടു നിൽക്കുകയാണ്. ദുരിത ബാധിതരുടെ ആശങ്കയകറ്റാൻ ഇനിയും സർക്കാർ തയാറാകാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകും.
ആദ്യഘട്ടമായി ഈ മാസം അവസാനം വിലങ്ങാട് സമര സായാഹ്നം നടത്തും. യോഗത്തിൽ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. എ. സജീവൻ, മുഹമ്മദ് ബംഗ്ലത്ത്, പി.കെ ദാമു, എം.കെ. അഷ്റഫ്, കെ.സി. ബാലകൃഷ്ണൻ, ഹമീദ് വലിയാണ്ടി, കെ.എം. രഘുനാഥ്, കെ.എം .സമീർ എന്നിവർ പ്രസംഗിച്ചു.