കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു : വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ
1460914
Monday, October 14, 2024 4:53 AM IST
കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ വളയങ്കോട്മലയിൽ കഴിഞ്ഞ ദിവസം രാത്രി കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പിലാവുള്ളപറമ്പത്ത് അശോകന്റെ കായ്ഫലമുള്ള എട്ട് തെങ്ങ്, 40 കമുക്, 80 വാഴ, മലയന്റെകണ്ടി രാജുവിന്റെ നൂറോളം റബർ മരങ്ങൾ, കാപ്പിത്തോട്ടത്തിൽ രവിയുടെ ആറ് തെങ്ങ്, മലയന്റെകണ്ടി സത്യന്റെ 70 വാഴ, ആറ് തെങ്ങ്, 15 കമുക് തുടങ്ങിയവയാണ് നശിപ്പിച്ചത്.
പ്രദേശത്ത് അടുത്തകാലത്തായി കാട്ടാനയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇടയ്ക്കിടെ ഫോറസ്റ്റ് ഓഫീസിൽ നിന്നും ജീവനക്കാർ വരുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഇതിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ രോഷാകുലരായ കർഷകർ മണിക്കൂറുകളോളം തടഞ്ഞുവച്ചു. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും ഇല്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്നും കർഷകരും പ്രദേശവാസികളും പറഞ്ഞു.