പൂർണ കൾച്ചറൽ ഫെസ്റ്റിവലിന് നാളെ തുടക്കം
1458585
Thursday, October 3, 2024 3:48 AM IST
കോഴിക്കോട്: ടിബിഎസ്. സ്ഥാപകൻ എൻ.ഇ. ബാലകൃഷ്ണമാരാരുടെ സ്മരണാർഥം പൂർണ പബ്ലിക്കേഷൻസ് സംഘടിപ്പിക്കുന്ന പൂർണ കൾച്ചറൽ ഫെസ്റ്റിവൽ 4,5 തിയതികളിൽ നടക്കും.
മാനാഞ്ചിറ മലബാർ പാലസിലെ എൻ.ഇ. ബാലകൃഷ്ണമാരാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ പെരുമാൾ മുരുകൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ വിവിധ സാഹിത്യ ശാഖകളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങളും സംവാദങ്ങളും നടക്കും.
എൻ.ഇ. ബാലകൃഷ്ണ മാരാർ സ്മാരക സാഹിത്യസമഗ്രസംഭാവന പുരസ്കാരം എം.ടി. വാസുദേവൻ നായർക്ക് എഴുത്തുകാരൻ സച്ചിദാനന്ദൻ സമർപ്പിക്കും. പൂർണ-ഉറൂബ്, പൂർണ ആർ. രാമചന്ദ്രൻ അവാർഡുകൾ ഡോ. വി. വേണു ജേതാക്കൾക്ക് സമ്മാനിക്കും.
പൂർണ നോവൽ വസന്തം (സീസൺ 5) പുസ്തകങ്ങളുടെ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. ബീഗം റാസ ഒരുക്കുന്ന സംഗീതസന്ധ്യപരിപാടിയുട ഭാഗമായി നടക്കും. പ്രവേശനം സൗജന്യമാണ്.