സിപിഎം സഖാക്കള്‍ ഗതികെട്ട അവസ്ഥയിലെന്ന് ഷാഫി പറമ്പില്‍ എംപി
1458135
Tuesday, October 1, 2024 8:20 AM IST
വടകര: മുഖ്യമന്ത്രി ചെയ്യുന്ന എല്ലാ നെറികേടുകളും ന്യായീകരിക്കേണ്ട ഗതി കെട്ട സാഹചര്യത്തിലാണ് സിപിഎം സഖാക്കളെന്ന് ഷാഫി പറമ്പില്‍ എംപി. ഇഎംഎസ് മുതല്‍ വി.എസ്. അച്യുതാനന്ദന് വരെ കേരളത്തിന്റെ മുഖ്യമന്ത്രിമാരെ ഇങ്ങനെ ന്യായീകരിക്കേണ്ട സാഹചര്യം സഖാക്കള്‍ക്ക് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഒക്കെ പിണറായി തന്നെയായതിനാലാണ് ഈ അവസ്ഥയെന്നും കുറ്റപ്പെടുത്തി.
മുസ്ലിം ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഷാഫി പറമ്പില്‍. പി.വി.അന്‍വറിന് ക്രെഡിബിലിറ്റി നല്കിയ നേതാവാണ് പിണറായി വിജയനെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍.പി. അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. വയനാട് ദുരിതത്തില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ വൈറ്റ് ഗാര്‍ഡിനും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും ഉപഹാരം സമര്‍പ്പിച്ചു.