പേരാമ്പ്രയില്‍ മൊബൈല്‍ ടവറിനെതിരേ പ്രതിഷേധം
1457466
Sunday, September 29, 2024 5:11 AM IST
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ പൈതോത്ത്റോഡ് ജനവാസ കേന്ദ്രത്തില്‍ സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവര്‍ നിര്‍മിക്കുന്നതിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.
ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ 25 കുടുംബങ്ങള്‍ താമസിക്കുന്ന നീലോത്ത് മീത്തല്‍ എന്ന സ്ഥലത്താണ് സ്വകാര്യ മൊബൈല്‍ കമ്പനി ടവര്‍ നിര്‍മാണത്തിനുള്ള നടപടികള്‍ സ്വീകരിച്ചത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷമാണ് നാട്ടുകാര്‍ പ്രസ്തുത മൊബൈല്‍ ടവറിനെക്കുറിച്ച് അറിയുന്നത്.
ടവര്‍ നിര്‍മിക്കുന്നതിനെതിരേ നാട്ടുകാര്‍ സമരവുമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്കി. വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സ്ഥലം എംപി എന്നിവര്‍ക്ക് നിവേദനം നല്കി. മുഖ്യമന്ത്രി, എംഎല്‍എ, ജില്ലാ കളക്ടര്‍ മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്ക് വരും ദിവസങ്ങളില്‍ നിവേദനം നല്‍കും.
കഴിഞ്ഞ ദിവസം പഞ്ചായത്ത് അംഗം എം.കെ. ഷൈനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ കക്ഷി യോഗത്തില്‍ നൂറോളം പേര് പങ്കെടുത്തു. എം.കെ. ഷൈനി, വാര്‍ഡ് കണ്‍വീനര്‍ ഗോപി മരുതോറ, കെ.എം. ശ്രീനിവാസന് , ആര്.കെ. മുഹമ്മദ്, അനീഷ് കര്‍മ്മ,
കൊല്ലിയില്‍ ഇബ്രാഹിം, കെ.എം. പ്രകാശന് എന്നിവര്‍ രക്ഷാധികാരികളായും കെ.എന്‍. സുധീഷ് ചെയര്‍മാനും കെ.എന്‍. അഭിലാഷ്, ഇസ്മയില്‍ നാഗന്കണ്ടി, റിജിന്‍ ബാബു എന്നിവര്‍ വൈസ് ചെയര്മാന്മാരും എന്‍. എം. ശിവേഷ് കണ്‍വീനറും പി.ബി രാജേഷ്,
എന്‍.എം പക്രന്, എന്‍.എം. സൗമിനി എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും യു.എം. സതീശന് ട്രഷററായുമാണ് ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്.