വിജയത്തിന് പിന്നിൽ പീറ്റർ സാറും പരിശീലകരും: അൽക്ക
1478672
Wednesday, November 13, 2024 4:52 AM IST
കൂരാച്ചുണ്ട്: അനുദിനം കഠിനാധ്വാനത്തിലൂടെ പരിശീലനം നൽകി വിജയത്തിലെത്തിച്ചത് തന്റെ പരിശീലകനായ കെ.എം. പീറ്റർ സാറും കായികാധ്യാപിക സിനിയും പരിശീലകൻ വിജയനുമാണെന്ന് സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ സബ് ജൂണിയർ പെൺകുട്ടികളുടെ വിഭാഗം നാല് സ്വർണ മെഡലുകൾ കരസ്ഥമാക്കിയ അൽക്ക ഷിനോജ് പറഞ്ഞു.
കൂരാച്ചുണ്ട് സ്വദേശിയും സിആർപിഎഫ് ഉദ്യോഗസ്ഥനുമായ ചേറ്റാനിയിൽ ഷിനോജ് - ജിതിന ദമ്പതികളുടെ മകളായ ഏഴാം ക്ലാസുകാരി അൽക്ക പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുമ്പോഴാണ് കായികരംഗത്തേക്ക് വന്നത്. അന്ന് നടന്ന കിഡീസ് വിഭാഗം ഓട്ടമത്സരത്തിലെ 100,200 മീറ്ററുകളിൽ ജില്ലാതല ജേതാവായിരുന്നു. പിന്നീട് ചക്കിട്ടപാറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിലെ സ്വർണമെഡൽ ജേതാവും പരിശീലകനുമായ കെ.എം പീറ്റർ അൽക്കയുടെ ഓട്ടത്തിലുള്ള മികവ് കണ്ടെത്തിയത്. തുടർന്ന് ആറാം തരം മുതൽ കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പഠനത്തിനു ചേർന്നു.
സ്കൂളിലെ ജോർജിയൻ സ്പോർട്സ് അക്കാദമിയിൽ പരിശീലകനായ കെ.എം. പീറ്ററിന്റെ ശിക്ഷണത്തിലായിരുന്നു പിന്നീടുള്ള പരിശീലനം. മാതാപിതാക്കളുടെ പ്രോത്സാഹനവും അൽക്കയ്ക്ക് കരുത്ത് പകരുന്നുണ്ട്. അടുത്ത വർഷത്തെ മത്സരത്തിൽ റെക്കോർഡ് ഇടാനാണ് ലക്ഷ്യമെന്നും അൽക്ക പറഞ്ഞു. ഇനി നടക്കുന്ന നാഷണൽ മീറ്റിനുള്ള തയാറെടുപ്പിലാണ് അൽക്ക.