കർഷകർക്കെതിരേ കേസ് : പിഴ നൽകാൻ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ കൂപ്പൺ ചലഞ്ച്
1454054
Wednesday, September 18, 2024 4:24 AM IST
കൂരാച്ചുണ്ട്: കക്കയത്തെ കർഷകൻ ഏബ്രഹാം പാലാട്ടിയിൽ കൃഷിയിടത്തിൽ വച്ച് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സമരം ചെയ്ത കർഷകർക്കെതിരേ ചുമത്തിയ പിഴ അടയ്ക്കാൻ പ്രതിഷേധ കൂപ്പൺ ചലഞ്ചിന് തുടക്കം കുറിച്ച് യൂത്ത് കോൺഗ്രസ്.
കഴിഞ്ഞ മാർച്ച് അഞ്ചിനാണ് കർഷകൻ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് കക്കയം ഫോറസ്റ്റ് ഓഫീസിലേക്ക് കർഷക മാർച്ചും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും നടത്തിയിരുന്നു.
ഇതിനെ തുടർന്ന് പെരുവണ്ണാമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ നൽകിയ പരാതിയെ തുടർന്നാണ് കർഷകർക്കെതിരേ കേസെടുത്തത്. കിഫയുടെ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ, യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മുൻ മണ്ഡലം പ്രസിഡന്റുമാരായ ജോസ്ബിൻ ക്യര്യാക്കോസ്, സന്ദീപ് കളപ്പുരയ്ക്കൽ, സുനീർ പുനത്തിൽ, കർഷക സംഘടന നേതാക്കളായ കുര്യൻ ചെമ്പനാനി, അനു കടുകൻമാക്കൽ, സണ്ണി പാരഡൈസ് ഉൾപ്പടെയുള്ള പത്ത് പേർക്കെതിരേയാണ് കേസെടുത്തത്.
കർഷകൻ ഏബ്രഹാമിന്റെ ഭാര്യ തെയ്യാമ്മ പാലാട്ടിയിൽ ചലഞ്ച് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ബേബി തേക്കാനത്ത് ആദ്യ കൂപ്പൺ ഏറ്റുവാങ്ങി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി ഏബ്രഹാം, ആൻഡ്രൂസ് കട്ടിക്കാന, ജെറിൻ കുര്യാക്കോസ്, സജി കുഴിവേലി, രാജി പള്ളത്ത്കാട്ടിൽ, ജ്യോതിഷ് രാരപ്പൻകണ്ടി, നിഖിൽ വെളിയത്ത്, ഗാൾഡിൻ പോക്കാട്ട് എന്നിവർ പ്രസംഗിച്ചു.