പൊളിച്ചടുക്കി ഓണ വിപണി, ഇന്ന് പൊന്നോണം
1453465
Sunday, September 15, 2024 4:48 AM IST
കോഴിക്കോട്: ഗതാഗത കുരുക്ക് ഇത്തവണ കൂടുതലാണേ...ടൗണില്‍ എത്തിയാല്‍ പാടുപെടും.. എല്ലാം അറിയാം പക്ഷേ ഉത്രാടപാച്ചില്‍ മലയാളികളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. അത് അത്രയും പെട്ടെന്നൊന്നും എടുത്തമാറ്റാന്‍ പറ്റില്ല.
അതിന്റെ ഏറ്റവും അവസാന ഉദാഹരണമായിരുന്നു ഇന്നലെ. പതിവുപോലെ കോഴിക്കോട് മിഠായിത്തെരുവ് ഉല്‍സവ തിമര്‍പ്പിലായി. ഓണ വിപണിയില്‍ രാത്രിവരെയും പൊന്‍ തിളക്കം. മാളുകളില്‍ അതിലും വലിയ തിരക്ക്..രാത്രി വൈകിയും യാത്രക്കാരുടെ തിരക്കാല്‍ നിരങ്ങി നീങ്ങുന്ന വാഹനങ്ങള്‍.
കാണം വിറ്റും ഓണം ഉണ്ണണമെന്ന ചൊല്ല് അന്വര്‍ഥമാക്കുന്ന കാഴ്ചകളായിരുന്നു ഇന്നലെ നഗരത്തില്‍. ക്ഷേമപെന്‍ഷനും ജീവനക്കാര്‍ക്ക് ബോണസും എത്തിയതോടെ ഓണം സമൃദ്ധമാക്കാനുള്ള ഒരുക്കത്തിലായിരുന്നു മലയാളികള്‍. കര്‍ഷക തൊഴിലാളി, വാര്‍ധക്യം, വിധവ, അവിവാഹിത, ഭിന്നശേഷി തുടങ്ങിയ വിഭാഗങ്ങളിലുള്ളവരുടെ ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തി.
ജില്ലയില്‍ മാത്രം 2,60,049 ഗുണഭോക്താക്കള്‍ക്കായി 39,51,86,900 രൂപ നല്‍കിയത്. ഇനിയും കുടിശികയുണ്ടെങ്കിലും തല്‍ക്കാലത്തേക്ക് ഓണം കളറാക്കാനുള്ള വകയായി.
സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്, കുടുംബശ്രീ, കൃഷിവകുപ്പ് എന്നിവയെല്ലാം ഓണച്ചന്തകളൊരുക്കി. സഹകരണ സ്ഥാപനങ്ങളില്‍നിന്ന് കുറഞ്ഞവിലയില്‍ പലവ്യഞ്ജനങ്ങളും ലഭ്യമാക്കി.
വിലക്കുറവിന്റെ ഓണമൊരുക്കാന്‍ 13 ഇന അവശ്യസാധനങ്ങളാണ് കണ്‍സ്യൂമര്‍ ഫെഡ്, സപ്ലൈകോ ഓണച്ചന്തകളിലൂടെ നല്‍കിയത്. . കുടുംബശ്രീയുടെ ഓണച്ചന്തകള്‍ നാട്ടിലും നഗരങ്ങളിലും സജീവമയി. ഖാദി, ഹാന്‍ടെക്സ്,
ഹാന്‍വീവ് തുണിത്തരങ്ങള്‍ക്ക് സര്‍ക്കാര്‍ റിബേറ്റ് നല്കി. തിരുവോണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍ സ്പര്‍ശമായി ജില്ലയിലെ ബിപിഎല്‍, എഎവൈ കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റുകള്‍ നല്‍കിയത്.