ഓണാഘോഷത്തിന്റെ പേരില്‍ നടപടി; ആരോഗ്യമന്ത്രിക്ക് പരാതി
1453461
Sunday, September 15, 2024 4:30 AM IST
കോഴിക്കോട്: ഓണാഘോഷത്തിന്റെ പേരിൽ വിശദീകരണം തേടിയ ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടറുടെ നടപടിയിൽ ജീവനക്കാര്‍ തുടര്‍ നടപടിക്ക്.ഇല്ലാത്ത ഉത്തരവിന്റെ പേരിലാണ് നടപടിയെന്ന് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ വിമർശിച്ചു.
ഡയറക്ടറുടെ നടപടി വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് വിമർശിച്ച ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ, വിശദീകരണം തേടിയ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. സ്ഥാപന മേധാവികളെ ഭീഷണിപ്പെടുത്തുന്നതാണ് ഡയറക്ടറുടെ നടപടിയെന്നും വിമർശനം. സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പരാതി നൽകി.
കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിലെ ഓണാഘോഷത്തിന്റെ പേരിലാണ് ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടർ വിശദീകരണം തേടിയത്. സർക്കാർ തലത്തിൽ ഓണാഘോഷം പാടില്ലെന്ന ഉത്തരവ് ലംഘിച്ചതിന്റെ പേരിലാണ് നടപടി. ഓണാഘോഷത്തിൽ പങ്കെടുത്ത ജീവനക്കാരുടെ പേരും തസ്തികയും സമർപ്പിക്കാനാണ് ഡിഎംഒയോട് ഡയറക്ടർ ആവശ്യപ്പെട്ടത്.
ആശുപത്രി സൂപ്രണ്ടിൻ വിശദീകരണം തേടണമെന്നും ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ കലാ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു, ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു എന്നിവയാണ് നടപടിക്ക് കാരണമായി പറയുന്നത്.