ഇഎസ്എ കരട് വിജ്ഞാപനം : കത്തോലിക്ക കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്
1453233
Saturday, September 14, 2024 4:23 AM IST
കോഴിക്കോട്: സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരേ കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു.
തുടര്‍ച്ചയായി 2014-ലും, 2015-ലും, 2017-ലും, 2018-ലും, 2022-ലും കരട് വിജ്ഞാപനം പുറപ്പെടുവിച്ച ശേഷവും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാതെ ആറാം പ്രാവശ്യം 2024 ജൂലൈ 31ന് വീണ്ടും കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണെന്ന് ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍, പ്രസിഡന്റ് ചാക്കോ കാളംപറമ്പില്‍, ജനറല്‍ സെക്രട്ടറി ഷാജി കണ്ടത്തില്‍ എന്നിവര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചു കരട് വിജ്ഞാപനങ്ങളിലും ജനങ്ങള്‍ അയച്ച പരാതികള്‍ കരടു വിജ്ഞാപനത്തോടൊപ്പം കാലഹരണപ്പെട്ടുപോയി. സംസ്ഥാന സര്‍ക്കാര്‍ ഇഎസ്എ പ്രദേശങ്ങളിലെ തെറ്റ് തിരുത്തി പുതിയ ശിപാര്‍ശകള്‍ നല്‍കിയെന്ന് അവകാശപ്പെടുമ്പോഴും കേരളത്തിന്റെ ഇഎസ്എ പ്രദേശങ്ങളുടെ വിസ്തീര്‍ണം എല്ലാ വിജ്ഞാപനങ്ങളിലും തുടര്‍ച്ചയായി 9993.7 ച.കി.മീ ആയി രേഖപ്പെടുത്തിയിരിക്കുകയാണ്.
റിസര്‍വ് ഫോറസ്റ്റുകളും വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളും പ്രൊട്ടക്ടഡ് ഏരിയയും മാത്രം ജിയോ കോര്‍ഡിനേറ്റ് മാപ്പില്‍ രേഖപ്പെടുത്തി അന്തിമ ഇഎസ്എ പ്രഖ്യാപനത്തിനായി സമര്‍പിക്കാനുള്ള അവസരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഈ ഇഎസ്എ പ്രദേശങ്ങളെ ഓരോന്നിനെയും വില്ലേജ് എന്ന അടിസ്ഥാന യൂണിറ്റ് ആയി വേണം നല്കാന് എന്നതും കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളതാണ്.
റവന്യൂ വില്ലേജുകളില്‍ ഇഎസ്എ നിയന്ത്രണങ്ങള്‍ ബാധകമാകാതിരിക്കാന്‍ ഓരോ റവന്യൂ വില്ലേജിലെയും ഫോറസ്റ്റ് വേര്‍തിരിച്ച് ആ പ്രദേശം മാത്രം ഇഎസ്എ ഫോറസ്റ്റ് വില്ലേജ് ആയി നല്‍കുക എന്നതാണ് ഇതിനുള്ള ശാശ്വത പരിഹാരം. ഇതിന് കേവലം ഒരു നോട്ടിഫിക്കേഷന്‍ മതിയാകും. 123 വില്ലേജുകളിലെ ഫോറസ്റ്റ് ആയി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തെറ്റായി രേഖപ്പെടുത്തിയ 9107 ചതുരശ്ര കിലോമീറ്റര്‍ തന്നെയാണ് കരട് വിജ്ഞാപനത്തിലും രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരള സര്‍ക്കാര്‍ അടിയന്തരമായി തിരുത്തി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
2018-ല്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഇതില്‍ 31 വില്ലേജുകളെ ജനസാന്ദ്രതയുടെയും ഫോറസ്റ്റ് കുറവ് എന്ന പേരിലും ഒഴിവാക്കി എടുക്കുവാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഇതേ മാനദണ്ഡമുള്ള മറ്റു പല വില്ലേജുകളെയും അതില്‍ നിന്ന് ഒഴിവാക്കിയതുമില്ല എന്ന ഗുരുതരമായ തെറ്റ് ആവര്‍ത്തിച്ചു.
മാത്രമല്ല ഇപ്പോഴത്തെ വിജ്ഞാപനത്തില്‍ 123 വില്ലേജുകള്‍ എന്നുള്ളത് 131 വില്ലേജുകളായി ഉയര്‍ന്നിട്ടുമുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ ഇതുവരെയും ഇഎസ്എ യുടെ അന്തിമഭൂപടം കേന്ദ്രത്തിന് നല്‍കുകയോ, കരടില്‍ പറഞ്ഞിരിക്കുന്ന സൈറ്റില്‍ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. കാരണമായി ഉദ്യോഗസ്ഥ വൃന്ദം പറയുന്നത് വനം-റവന്യൂ വകുപ്പില്‍ നിന്നും ബൗണ്ടറി സ്കെച്ച് ലഭിച്ചിട്ടില്ല, ഗൂഗിള്‍ എര്‍ത്ത് മാപ്പ് തയാറാക്കിയതില്‍ തെറ്റ് സംഭവിച്ചിട്ടുണ്ട്, പഞ്ചായത്തുകളുടെ സഹകരണത്തോടെ അത് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല എന്നൊക്കെയാണ്.
ഇതിനിടയില്‍ ഈ മാസം പതിമൂന്നിന് ഒരു റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കുമെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ 10 വര്‍ഷമായിട്ടും ഇത്തരം കാര്യങ്ങള്‍ ചെയ്യാതെ ജനങ്ങളെ വഞ്ചിക്കുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കും അദ്ദേഹം കൈകാര്യം ചെയ്യുന്ന പരിസ്ഥിതി വകുപ്പിനും, വനം വകുപ്പിനും തന്നെയാണെന്ന് നേതാക്കള്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള മനഃപൂര്‍വമായ വീഴ്ചകള്‍ ഉടന്‍ പരിഹരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതിന് ഇഎസ്എ ഏരിയയില്‍ പെട്ട പ്രദേശങ്ങളുടെ മാത്രം ജിയോ കോഡിനേറ്റ് അടയാളപ്പെടുത്തിയ ഭൂപടം പഞ്ചായത്തുകളെയും ജനങ്ങളെയും ബോധ്യപ്പെടുത്തിയ ശേഷം കേന്ദ്രത്തിന് ഉടന്‍ സമര്‍പ്പിക്കണം.
പഞ്ചായത്ത് സമിതികളും ഗ്രാമസഭകളും റവന്യു വില്ലേജുകളെ പൂര്‍ണമായി ഇഎസ്എ പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള പ്രമേയങ്ങള്‍ മന്ത്രാലയത്തിന് അയക്കണം. വ്യാപാരി വ്യവസായി സംഘടനകള്‍, യൂണിയനുകള്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കര്‍ഷകര്‍, ക്ലബ്ബുകള്‍, മഹല്ല് കമ്മിറ്റി, അമ്പലക്കമ്മിറ്റി, പള്ളികമ്മിറ്റി തുടങ്ങിയവരെല്ലാം ഇമെയില്‍ വഴിയോ, കത്ത് മുഖേനയോ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതികള്‍ സമര്‍പ്പിക്കണം.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഗ്ളോബല്‍ പ്രതിനിധി ബേബി കിഴക്കെഭാഗം, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് മൂത്തേടത്ത്, പാറോപ്പടി മേഖലാ പ്രസിഡന്റ് വിന്‍സെന്റ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.