പുളിവയൽ പുഴയ്ക്ക് സംരക്ഷണ ഭിത്തിയില്ല; തീരത്തെ കൃഷിഭൂമികൾ ഇടിഞ്ഞു നശിക്കുന്നു
1452156
Tuesday, September 10, 2024 4:41 AM IST
കൂരാച്ചുണ്ട്: പുളിവയൽ പുഴയുടെ ഓരങ്ങൾ ഇടിഞ്ഞു തകർന്ന് ഒട്ടേറെ കർഷകരുടെ ഭൂമി നശിക്കുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഒന്നാം വാർഡിലുൾപ്പെടുന്ന നിരവധി കർഷകരാണ് ഇതുമൂലം ആശങ്കയിലുള്ളത്. തെങ്ങ്, കമുക്, കൊക്കൊ തുടങ്ങിയ വിളകളുള്ള ഭൂമിയാണ് പുഴയോരം ഇടിഞ്ഞു നശിക്കുന്നത്.
കൂരാച്ചുണ്ട് മൂന്നാംമുക്ക്, പുളിവയൽ, ഓഞ്ഞിൽ, മുളവട്ടംകടവ് തുടങ്ങിയ മേഖലകളിലുള്ള കർഷകരുടെ ഭൂമിയാണ് നശിക്കുന്നത്. കർഷകരായ പൂവ്വത്തിങ്കൽ സണ്ണി, ഷാജു , ജോണ് താരാഭവൻ, ഒറ്റപ്ലാക്കൽ മൈക്കിൾ, പോണ്ടാനത്ത് ജോസഫ്, പാംപ്ലാനിയിൽ തോമസ്, ഡോളി കുഴിവേലിൽ, സതീഷ് വള്ളിക്കെട്ടിൽ, തേനംമാക്കൽ റോബിൻ, ബോബി പാംപ്ലാനിയിൽ തുടങ്ങിയ കർഷകരാണ് തീരം ഇടിയുന്നതു മൂലം ആശങ്കയിലുള്ളത്.
ഈ മേഖലകളിൽ പുഴയ്ക്ക് സംരക്ഷണ ഭിത്തികളില്ലാത്തതാണ് തീരം ഇടിയാൻ കാരണം. വർഷങ്ങൾക്ക് മുന്പ് ജലസേചന വകുപ്പ് പുഴയിൽ നിർമിച്ച ചെക്കുഡാമുകൾക്ക് അനുബന്ധമായല്ലാതെ മറ്റൊരു ഭാഗങ്ങളിലും സംരക്ഷണ ഭിത്തികൾ നിർമിച്ചിട്ടില്ല. കൃഷിഭൂമിയുടെ നാശം സംബന്ധിച്ച് കർഷകർ ജലസേചന വകുപ്പിന് പരാതി നൽകിയെങ്കിലും നടപടിയായിട്ടില്ല.
രണ്ടു വർഷം മുന്പ് ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ മൂന്നാംമുക്ക് മുതൽ ഒരു കിലോമീറ്റർ ദൂരത്തിൽ പുഴയരുകിൽ സംരക്ഷണ ഭിത്തി നിർമിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിരുന്നുവെങ്കിലും തുടർ നടപടിയുണ്ടായില്ല.