നഞ്ചങ്കോട് -വയനാട്-നിലമ്പൂർ റെയിൽ പാത : നിർമാണം ത്വരിതപ്പെടുത്തണമെന്ന ആവശ്യവുമായി സംഘടനകള്‍
1451545
Sunday, September 8, 2024 4:34 AM IST
കോഴിക്കോട്: നിലമ്പൂർ- ബത്തേരി- നഞ്ചൻഗോഡ് റെയിൽപാത രാജ്യത്തിന് നൽകുന്ന വികസന സാധ്യതകളും അനിവാര്യതയും പാരിസ്ഥിതിക പ്രാധാന്യവും സർക്കാരുകൾ തിരിച്ചറിഞ്ഞ് പാത നിർമ്മാണം ത്വരിതപ്പെടുത്തണമെന്ന് സുൽത്താൻ ബത്തേരി സപ്ത കൺവെൻഷൻ സെന്ററിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.
നിലമ്പൂർ നഞ്ചൻഗോഡ് റെയിൽപാതയുടെ അന്തിമ സ്ഥലനിർണയസർവേയും ഡിപിആറും പൂർത്തീകരിച്ച് റെയിൽവേ ബോർഡിന് സമർപ്പിക്കാൻ തയ്യാറായിക്കൊണ്ടിരിക്കുന്ന വേളയിലാണ് നീലഗിരി വയനാട് എന്‍എച്ച് ആന്‍ഡ് റെയിൽവേ ആക്ഷൻ കമ്മറ്റി, മലബാർ ഡെവലവ്മെന്റ് കൗൺസിൽ, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേർസ് അസോസിയേഷൻ, വയനാട് ചേംബർഓഫ് കൊമേഴ്സ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുടെ യോഗം നടത്തിയത്.
വിഴിഞ്ഞം തുറുമുഖത്തിന്റെ പൂർണ പ്രയോജനം ലഭിക്കണമെങ്കിൽ നിലമ്പൂർ നഞ്ചൻഗോഡ് റെയിൽപാത യാഥാർത്ഥ്യമാക്കിയേ മതിയാകൂ. ബന്ദിപ്പൂർ, വയനാട് വന്യജീവിസങ്കേതങ്ങളിലും പരിസ്ഥിതി സംവേദക മേഖലയിലും തുരങ്കത്തിലൂടെ നിർമിക്കാൻ വിഭാവനം ചെയ്യുന്ന പാത വന്യജീവി സങ്കേതങ്ങളിൽ നിലവിലെ മനുഷ്യഇടപെടൽ വലിയ അളവിൽ ഇല്ലാതാക്കും.
പനവേൽ മുതൽ മംഗലാപുരം വരെ കൊങ്കൺ പാതയിലെയും കോയമ്പത്തൂർ വഴി ഷൊർണൂർ വരെയുള്ള റെയിൽ പാതയിലെയും തിരക്ക് ഒഴിവാക്കാൻ ഇതുവഴി സാധിക്കും. അതോടൊപ്പം കർണാടകയിലെ വാണിജ്യമേഖലക്കും വലിയ ഉണർവുണ്ടാക്കും.
റെയിൽവേ ബോർഡിൽ ഡിപിആർ ലഭിച്ച് കഴിഞ്ഞാലുടൻ പ്രാരംഭ നിർമാണപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കാൻ കേന്ദ്ര,കേരള സർക്കാരുകൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയർ സി.ഇ. ചാക്കുണ്ണി യോഗം ഉദ്ഘാടനം ചെയ്തു.