തലപ്പുഴ വനത്തിലെ വനപാലകരുടെ അനധികൃത മരം മുറി: അന്വേഷണത്തിന് ഉത്തരവിട്ട് വനം മന്ത്രി
1451538
Sunday, September 8, 2024 4:34 AM IST
മാനന്തവാടി: തലപ്പുഴ വനത്തിലെ വനപാലക്കാരുടെ അനധികൃത മരം മുറിയിൽ വനം മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
വിജിലൻസ് സിസിഎഫിനോടാണ് വനം മന്ത്രി റിപ്പോർട്ട് തേടിയത്. തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ ഫ്ളൈയിംഗ് സ്ക്വാഡ് നേരത്തെ പരിശോധന നടത്തിയിരുന്നു. മുറിച്ച മരങ്ങൾ സൂക്ഷിച്ചത് ഇവിടെയാണ്. മുറിച്ച മരങ്ങൾ പൂർണമായും ഇവിടെയുണ്ടോ എന്നും ഫ്ളൈയിംഗ് സ്ക്വാഡ് പരിശോധിച്ചു.
വനപാലകർക്കെതിരേ നിരവധി പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ശക്തമാക്കിയത്. ബേഗൂർ റേഞ്ചിലെ തലപ്പുഴ 73 വനമേഖലയിലെ മരങ്ങളാണ് വനപാലകർ നിയമങ്ങൾ പാലിക്കാതെ കഴിഞ്ഞ ദിവസം മുറിച്ചത്.
മുറിച്ച മരങ്ങൾ കടത്തിയതായും ആരോപണമുണ്ട്. വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്കെതിരേ വനം വകുപ്പ് ഉടൻ നടപടി സ്വീകരിക്കാനാണ് സാധ്യത.
രണ്ട് വനപാലകർക്ക് സസ്പെൻഷൻ
മാനന്തവാടി: തലപ്പുഴ വനത്തിലെ മരം മുറിയുമായി ബന്ധപ്പെട്ട് രണ്ട് വനം ജീവനക്കാർക്ക് സസ്പെൻഷൻ. തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഓഫീസർമാരായ പി.വി. ശ്രീധരൻ, സി.ജെ. റോബർട്ട് എന്നിവരെയാണ് നോർത്തേണ് സർക്കിൾ സിസിഎഫ് കെ.എസ്. ദീപ സസ്പെൻഡ് ചെയ്തത്.
നോർത്ത് വയനാട് ഡിഎഫ്ഒ കെ.ജെ. മാർട്ടിൻ ലോവലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം.കെ. ജയരാജനെതിരേ ഡിഎഫ്ഒ നടപടി ശിപാർശ ചെയ്തിട്ടുണ്ട്. തൂക്കുവേലി നിർമാണത്തിന് അനുവദിച്ചതിലും കൂടുതൽ മരങ്ങൾ മുറിച്ചുവെന്ന ആരോപണമാണ് ജീവനക്കാർക്കെതിരായ നടപടിക്ക് കാരണം.