കൂത്താളിയിൽ വയോധികന്റെ മരണം; മകൻ അറസ്റ്റിൽ
1451319
Saturday, September 7, 2024 4:20 AM IST
പേരാമ്പ്ര: കൂത്താളി രണ്ടേയാറില്‍ വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് കൂത്താളി രണ്ടേയാറിലെ ചാത്തങ്കോട്ട് ശ്രീധരന് (സിറ്റി ശ്രീധരന് - 69) നെ മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീധരന്റെ മകൻ ശ്രീലേഷ് (39) നെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പേരാമ്പ്ര പോലീസ്കസ്റ്റഡിയിൽ എടുത്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ശ്രീലേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
ശ്രീധരനും മകനും തമ്മില്‍ എപ്പോഴും വഴക്ക് നടക്കാറുള്ളതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. ശ്രീധരനും മകനും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ശ്രീധരന്റെ ഭാര്യ വിമല പേരാമ്പ്രയില്‍ ഉള്ള ബന്ധു വീട്ടില്‍ ആയിരുന്നു. ശ്രീധരനെ മരിച്ച നിലയില്‍ കിടപ്പുമുറിയിലെ കട്ടിലിലാണ് കണ്ടത്. മരണത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാർ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
തലയുടെ പുറകുവശത്ത് മുറിവേറ്റ പാടും കട്ടിലില്‍ ചോരയും ഉണ്ടായിരുന്നു.മൂന്ന് വര്‍ഷം മുമ്പ് മകന് ഇയാളെ മോട്ടോര്‍ സൈക്കിള്‍ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്ന് വാഹനം ഇടിച്ച് കാലൊടിഞ്ഞ് ശ്രീധരന് ദീര്‍ഘ കാലം ചികിത്സയിലുമായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു