തദ്ദേശ സ്ഥാപനങ്ങളെ വരിഞ്ഞ് മുറുക്കി സർക്കാർ: പദ്ധതി പ്രവർത്തനങ്ങൾ താളം തെറ്റുന്നു
1444240
Monday, August 12, 2024 4:55 AM IST
മുക്കം: 2024 മാർച്ച് 31ന് അവസാനിച്ച 2023- 24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതം പൂര്‍ണമായി അനുവദിക്കാത്തത് മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം ഗുരുതര പ്രതിസന്ധിയിൽ.
കേന്ദ്ര സർക്കാർ സംസ്ഥാനത്തെ പൂർണമായും അവഗണിക്കുന്നതായി സംസ്ഥാന സർക്കാർ വിലപിക്കുമ്പോഴാണ് മറുവശത്ത് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട ഫണ്ട് നൽകാതെ പ്രതിസന്ധിയിലാക്കുന്നത്. ബജറ്റ് വിഹിതമായി 2928 കോടി രൂപയാണ് 2023-24 വര്‍ഷത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്നത്.
ധനവകുപ്പിന്റെ കുരുക്ക് മൂലം 2023-24 വര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കാതെ പോയ തുക ഈ വര്‍ഷം പ്രത്യേക വിഹിതമായി അനുവദിച്ചെങ്കില്‍ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളു. ഈ പ്രതീക്ഷയിൽ തദ്ദേശ സ്ഥാപനങ്ങൾ കാത്തിരിക്കുമ്പോഴാണ് കഴിഞ്ഞ വർഷത്തെ പണം അനുവദിക്കില്ലെന്നും ഈ തുക ഈ വർഷത്തെ ബജറ്റ് വിഹിതത്തിൽ നിന്നും കണ്ടെത്തണമെന്നുമുള്ള നിലപാട് സർക്കാർ സ്വീകരിച്ചത്.
2024- 25 വാർഷിക പദ്ധതി നേരത്തെ അംഗീകരിച്ചിട്ടുള്ളതാണ്. കഴിഞ്ഞ വർഷത്തെ ബില്ലുകൾക്ക് ഇത്തവണത്തെ ബജറ്റ് വിഹിതത്തിൽ നിന്നും തുക നൽകുമ്പോൾ ഈ വർഷം തയാറാക്കിയ മിക്ക പദ്ധതികളും ഉപേക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. ഇതുമൂലം ഈ സാമ്പത്തിക വർഷം തദ്ദേശസ്ഥാപനങ്ങൾക്ക് കാര്യമായ വികസന - ക്ഷേമ പ്രവർത്തനങ്ങൾ ഒന്നും നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലാകാൻ കാരണം തദ്ദേശസ്ഥാപനങ്ങളുടെ അനാസ്ഥ കൊണ്ടല്ല.
മറിച്ച് തദ്ദേശസ്ഥാപനങ്ങൾ കൃത്യമായി പ്രവർത്തിച്ച് പ്രവൃത്തി പൂർത്തീകരിച്ച് ബില്ല് വരെ തയാറാക്കിയതാണ്. എന്നാൽ സർക്കാർ പണം അനുവദിക്കാത്തതാണ് തടസമായത്. 2023-24 വർഷം സർക്കാർ തടഞ്ഞ ബജറ്റ് വിഹിതത്തിന് സമാനമായി സ്പിൽ ഓവർ പദ്ധതികൾ ഏറ്റെടുക്കുന്നതിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന തദ്ദേശ ഭരണകൂടങ്ങളെ പൂർണമായും തളർത്തുന്നതാണ് ജൂലൈ ഏഴിന് പുറത്തിറങ്ങിയ 1236/ 2024 നമ്പർ ഉത്തരവ്.
ബജറ്റ് വിഹിതം ലഭിക്കാത്തതിനെത്തുടർന്ന് രൂപപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള ഭാഗിക ശ്രമംപോലും ഉത്തരവിലില്ല. ബജറ്റ് വിഹിതത്തിന്റെ 20 ശതമാനം അധികം കണക്കാക്കി അതിനനുസരിച്ച് സ്പിൽ ഓവർ പദ്ധതികൾ ഉൾപ്പെടെ ക്രമീകരിച്ച് വാർഷിക പദ്ധതി പരിഷ്കരിക്കണമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്.
സർക്കാർ ഫണ്ട് അനുവദിക്കാത്തത് മൂലം മിക്ക തദ്ദേശ സ്ഥാപനങ്ങളിലും അമ്പത് ശതമാനത്തോളം പദ്ധതികൾക്ക് തുക നൽകാൻ അവശേഷിക്കുന്നുണ്ട്. പുതിയ ഉത്തരവ് പ്രകാരം പദ്ധതി ക്രമീകരിക്കുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷം പ്രവൃത്തി പൂർത്തീകരിച്ചതും നടപ്പാക്കാനുള്ളതുമായ പദ്ധതികൾക്ക് പണം കണ്ടെത്തുന്നതിനായി ഈ വർഷത്തെ മിക്ക പദ്ധതികളും ഉപേക്ഷിക്കേണ്ടി വരും.
ബജറ്റ് വിഹിതം മുടങ്ങാതിരുന്ന മുൻ കാലങ്ങളിലും 20 ശതമാനം അധിക തുകക്ക് സ്പിൽ ഓവർ പദ്ധതികൾ അനുവദിച്ചിരുന്നു. വിവിധ കാരണങ്ങളാൽ നടപ്പാക്കാൻ കഴിയാതെ പോയ പദ്ധതികൾ തുടരുന്നതിനാണ് ഇത് അനുവദിച്ചിരുന്നത്. എന്നാൽ പൂർത്തീകരിച്ച് ബില്ല് സമർപ്പിച്ച പദ്ധതികൾക്ക് പോലും ഇത്തവണ പണം ലഭിക്കണമെങ്കിൽ നിലവിലുള്ള പദ്ധതി വെട്ടിച്ചുരുക്കേണ്ട സാഹചര്യമാണുള്ളത്.
മെയിന്റനൻസ് ഗ്രാന്റിന്റെ 33 ശതമാനം തുക കഴിഞ്ഞ വർഷം അനുവദിച്ചിട്ടില്ല. അനുവദിച്ചതിൽ 18 ശതമാനം തുകയുടെ ബില്ലുകൾ ട്രഷറിയിൽ നിന്ന് മടക്കുകയും ചെയ്തിട്ടുണ്ട്. 51 ശതമാനം തുക കഴിഞ്ഞ വർഷം അവശേഷിക്കെ അതിൽ 20 ശതമാനത്തിന് മാത്രം പദ്ധതി ഏറ്റെടുക്കാൻ അവസരം നൽകുന്ന വിചിത്ര സമീപനമാണുള്ളതെന്ന് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു പറഞ്ഞു.
ക്യു ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പദ്ധതികളും സ്പിൽ ഓവർ പദ്ധതികളായി ഏറ്റെടുക്കാൻ അവസരം നൽകുമെന്ന് നിയമസഭയിൽ മന്ത്രി നൽകിയ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. ടി.വി. ഇബ്രാഹീമിന്റെ സബ്മിഷന് വകുപ്പ് മന്ത്രിയുടെ അഭാവത്തിൽ മന്ത്രി വീണ ജോർജ് നൽകിയ മറുപടിയിലാണ് ഈ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഇതിനുപോലും തയാറാവാത്ത സമീപനം കടുത്ത വെല്ലുവിളിയാണന്ന് പഞ്ചായത്ത് അസോസിയേഷൻ ജില്ല കമ്മിറ്റി അംഗവും ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് കൊടുവള്ളി മേഖല ട്രഷററുമായ വി. ഷംലൂലത്ത് പറഞ്ഞു.
മെയിന്റനന്‍സ് ഗ്രാന്റിന്റെ അവസാന ഗഡുവായ 1215 കോടി രൂപയും ജനറല്‍ പര്‍പ്പസ് ഗ്രാന്റിലെ അവസാന മൂന്ന് ഗഡുക്കളായ 557 കോടി രൂപയും 2023-24 സാമ്പത്തിക വര്‍ഷം അനുവദിച്ചിരുന്നില്ല.
2024 മാര്‍ച്ച് 31 വരെ ഈ തുകയുടെ ബില്ലുകള്‍ ട്രഷറിയില്‍ സ്വീകരിച്ചിരുന്നില്ല. അനുവദിച്ച ബജറ്റ് വിഹിതത്തില്‍ തന്നെ 487.8 കോടിയുടെ മെയിന്റനന്‍സ് ഗ്രാന്റ് ബില്ലുകളും 668.32 കോടി രൂപയുടെ വികസന ഫണ്ടില്‍ ഉള്‍പ്പെട്ട ബില്ലുകളും ട്രഷറിയില്‍ സ്വീകരിച്ച ശേഷം പണം അനുവദിക്കാതെ സാമ്പത്തിക വര്‍ഷം അവസാനിച്ചതോടെ തിരിച്ചു നല്കുകയാണുണ്ടായത്.
ബജറ്റ് വിഹിതം പൂര്‍ണമായും 2024 മാര്‍ച്ച് മാസത്തില്‍ അനുവദിച്ചിരുന്നു എന്ന നിയമസഭയിലെ മന്ത്രിയുടെ പ്രസ്താവനയും വിവാദമായിരുന്നു. ടി.വി. ഇബ്രാഹിം എംഎൽഎയുടെ സബ്മിഷന് വകുപ്പ് മന്ത്രിയുടെ അഭാവത്തിൽ മന്ത്രി വീണ ജോർജ് നൽകിയ മറുപടിയിലാണ് ഇത്തരം ഒരു വാദം ഉന്നയിച്ചത്.
അനുവദിക്കാത്ത തുക അനുവദിച്ചു എന്ന പ്രസ്താവനക്കെതിരേ തദ്ദേശ ഭരണകൂടങ്ങള്‍ രംഗത്തെത്തുതുകയും ചെയ്തിരുന്നു. സർക്കാരിന്റെ സാമ്പത്തിക കുരുക്ക് മൂലം ലൈഫ് ഭവന പദ്ധതി ഉൾപ്പെടെയുള്ള നിരവധി ക്ഷേമ പദ്ധതികൾ പണം ലഭിക്കാതെ പ്രതിസന്ധിയിലാണുള്ളത്. ലൈഫ് അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരിഭാഗം പേരും ആനുകൂല്യം എന്ന് ലഭിക്കുമെന്ന് പോലും അറിയാതെ ഓഫീസുകൾ കയറിയിറങ്ങുന്ന സാഹചര്യമാണുള്ളത്.
ജൽ ജീവൻ മിഷൻ പദ്ധതി കരാറുകാർക്ക് കോടികൾ കുടിശികയായതോടെ ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും റോഡുകൾ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയാണ്. റോഡുകളുടെ ഒരു ഭാഗം തകർന്നതോടെ തദ്ദേശ സ്ഥാപനങ്ങൾക്കും ഫണ്ട് വച്ച് പ്രവൃത്തി നടത്താൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്.