വിലങ്ങാടിനു പ്രത്യേക പാക്കേജ് വേണം: ജനപ്രതിനിധികൾ
1442159
Monday, August 5, 2024 4:25 AM IST
വിലങ്ങാട്: ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ം സംഭവിച്ച വിലങ്ങാടിനു വേണ്ടത് പ്രത്യേക പാക്കേജ് ആണെന്നും ദുരന്ത മേഖല സന്ദർശിച്ചതിൽനിന്ന് ഇക്കാര്യം മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ബോധ്യപ്പെട്ടതായും ഷാഫി പറന്പിൽ എംപി പറഞ്ഞു. വായാട് കോളനിയിലേക്കുള്ള പാലം തകർന്നത് വിലങ്ങാട് ഉരുൾപൊട്ടൽ മൂലമാണെന്ന് നാദാപുരം എംഎൽഎ ഇ.കെ. വിജയൻ ചൂണ്ടിക്കാട്ടി.
മേഖലയിൽ ആളുകളുടെ സന്ദർശനം മൂലമുള്ള തിരക്ക് കാരണം കെഎസ്ഇബിക്ക് യന്ത്രസാമഗ്രികൾ കൊണ്ടുവരാൻ കഴിയുന്നില്ല. യന്ത്രസാമഗ്രികൾ എത്തിയാലേ വൈദ്യുതി പു:നസ്ഥാപനവും വീടുകളിൽ വെള്ളം എത്തിക്കലും സാധ്യമാവുകയുള്ളൂ. ഇക്കാര്യം നാട്ടുകാർ ശ്രദ്ധിക്കണം. മേഖലയിൽ സൗജന്യറേഷൻ നടപ്പാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കനത്ത രീതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യം വിവിധ വകുപ്പുകൾ വിശദമായി തിട്ടപ്പെടുത്തേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് പറഞ്ഞു. ഓരോ വകുപ്പിനും സംഭവിച്ച നഷ്ടം കണക്കാക്കിയുള്ള റിപ്പോർട്ട് ലഭിച്ചാലുടൻ ഏകോപിച്ച് സർക്കാറിലേക്ക് നൽകുമെന്നും കളക്ടർ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി. ഗവാസ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ രാജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേന്ദ്രൻ കപ്പള്ളി,
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ.കെ.ഇന്ദിര, വടകര ആർഡിഒ പി. അൻവർ സാദത്ത്, വടകര തഹസിൽദാർ എം.ടി. സുരേഷ്ചന്ദ്ര ബോസ്, ഡെപ്യൂട്ടി തഹസിൽദാർ ഇ.കെ.ഷാജി തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.