˘˘ അര്ജുൻ കാണാമറയത്ത്: ആശയറ്റ് കുടുംബം
1438481
Tuesday, July 23, 2024 7:40 AM IST
കോഴിക്കോട്: ഷിരൂര്‍ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനുവേണ്ടി തെരച്ചിൽ തുടരുന്നതിനിടെ ആശയറ്റ് കുടുംബം. രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനി ഏത് അവസ്ഥയിലാണ് അര്‍ജുനെ കിട്ടുകയെന്ന് അറിയില്ലെന്നും സഹോദരി അഞ്ജു മാധ്യമങ്ങളോടു പറഞ്ഞു.
അര്‍ജുനെ കണ്ടെത്തുംവരെ ബന്ധുക്കള്‍ തിരികേ വരില്ല. അർജുനെക്കുറിച്ചു ചെറിയ തുമ്പെങ്കിലും കിട്ടണം. അവന് ജീവനോടെ ഇല്ലെങ്കിലും ഞങ്ങളുടെ ഇത്രയും ദിവസത്തെ കാത്തിരിപ്പിന് ഒരു ഉത്തരം വേണം. ഇനി അവനെ കാണാന്‍ പറ്റുമോയെന്നറിയില്ല. രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗതയിൽ വിശ്വാസമില്ല.
വെള്ളത്തിലും കരയിലും തെരച്ചില്‍ വേണം. സൈന്യം വന്നത് കൂടുതല്‍ സംവിധാനങ്ങള്‍ ഇല്ലാതെയാണ്. കേരളത്തില്‍നിന്നു പലരും അവിടെ എത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഇത്രയും വൈകിയത് ഒരുപക്ഷേ ഞങ്ങളുടെ വിധികൊണ്ടായിരിക്കാം. ആരെയും കുറ്റപ്പെടുത്താന്‍ ഇല്ല. കേരളത്തിൽനിന്നു രാഷ്ട്രീയഭേദമന്യേ എല്ലാവരും പിന്തുണച്ചുവെന്നും സഹോദരി പറഞ്ഞു.
അതേസമയം അർജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേരാന്‍ കോഴിക്കോട് നിന്നു 18 അംഗ സംഘം ഷിരൂരില്‍ എത്തി. എന്റെ മുക്കം, കര്‍മ ഓമശേരി, പുല്‍പറമ്പ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളില്‍പ്പെട്ട 18 പേരാണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ സംഭവസ്ഥലത്തേക്ക് തിരിച്ചത്. ബോട്ട്, സ്കൂബാ ഡൈവിംഗ് സെറ്റ്, റോപ് തുടങ്ങിയ സംവിധാനങ്ങളും ഇവര്‍ കരുതിയിട്ടുണ്ട്.