കല്ലായിപ്പുഴയെ നവീകരിക്കാന്‍ 12 കോടിയുടെ ടെന്‍ഡര്‍
1438479
Tuesday, July 23, 2024 7:40 AM IST
കോഴിക്കോട്: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് കല്ലായിപ്പുഴ നവീകരിക്കാൻ 12 കോടിയുടെ ടെൻഡറിന് അനുമതി നൽകി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ ഏറ്റവും മലിനമായ പുഴ കല്ലായിപ്പുഴയാണെന്ന് കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് ഒരാഴ്ച മുമ്പാണ് പുറത്തുവന്നത്.
കല്ലായിപ്പുഴയിൽ മാലിന്യവും ചെളിയും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട് തുടങ്ങിയിട്ട് വർഷങ്ങളായി. മഴക്കാലത്ത് നഗരത്തിലെ വെള്ളക്കെട്ടിന് വഴിയൊരുക്കുന്നതും കല്ലായിപ്പുഴയിലെ ഈ തടസങ്ങളാണ്.
പത്ത് വർഷം മുൻപ് ചെറിയ തുകയ്ക്ക് തുടങ്ങാനിരുന്ന നവീകരണ പ്രവൃത്തി സംസ്ഥാന സർക്കാരിന്റെ അനുമതികാത്ത് കിടന്ന് 12 കോടി രൂപയിലെത്തി നിൽക്കുകയാണ്. പ്രതിഷേധം ശക്തമായതോടെയാണ് ഒടുവിൽ ടെൻഡർ വിളിക്കാൻ സർക്കാർ അനുമതി നൽകിയത്. അപകടകരമായ അളവിൽ കോളിഫോം ബാക്ടീരിയ അടക്കം കല്ലായി പുഴയിലെ വെള്ളത്തിൽ കണ്ടെത്തിയിരുന്നു.
സിഡബ്ല്യുആർഡിഎം നടത്തിയ പഠനങ്ങളിലും പുഴ അതീവ ഗുരുതരമായ തരത്തിൽ മലിനമാണെന്ന് കണ്ടെത്തിയിരുന്നു. 100 മില്ലിലിറ്റർ വെള്ളത്തിൽ 80,000 കോളിഫോം ബാക്ടീരിയ എന്നതാണ് ഞെട്ടിക്കുന്ന ആ കണക്ക്. നഗരത്തിന്റെ മുഴുവൻ മാലിന്യവും നിറയുന്ന കനോലി കനാലാണ് കല്ലായിപ്പുഴയെ ഇത്രയേറെ മലിനമാക്കുന്നതെന്നാണ് വിദഗ്ധാഭിപ്രായം. 65 ഓവുചാലുകളാണ് കനോലിക്കനാലിലേക്ക് തുറക്കുന്നത്. പലഭാഗത്തുനിന്നുള്ള ചെളിലമുഴുവൻ വന്നടിഞ്ഞ് പുഴയുടെ ഒഴുക്ക് പൂർണമായി നിലച്ചു. പുഴയുടെ പലഭാഗങ്ങളിലും മൺതിട്ടകൾ രൂപംകൊണ്ട് തുരുത്ത് പോലെയായിട്ടുണ്ട്.