കുറ്റ്യാടി നാളികേര പാർക്കിലേയ്ക്ക് വ്യവസായികളെ ക്ഷണിക്കും: മന്ത്രി പി. രാജീവ്
1429646
Sunday, June 16, 2024 5:51 AM IST
കുറ്റ്യാടി: കുറ്റ്യാടിയിലെ മണിമല നാളികേര പാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണെന്നും, പാർക്കിന്റെ പ്രധാന കവാടത്തോട് ചേർന്നുള്ള ചുറ്റുമതിലിന്റെ മുൻഭാഗം, വാച്ച് മാൻ ക്യാബിൻ കുഴൽക്കിണർ എന്നിവയുടെ നിർമാണം സെപ്റ്റംബർ 2024 നകം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പി. രാജീവ് അറിയിച്ചു.
കുറ്റ്യാടി നാളികേര പാർക്കിലേക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനായി 250 കെ.വി. ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ കെഎസ്ഐഡിസി ആരംഭിച്ചതായും, കെഎസ്ഇബിയുമായി ബന്ധപ്പെട്ട് നടപടികൾ തുടർന്ന് വരികയാണെന്നുംമന്ത്രി അറിയിച്ചു.
ഡിസംബർ 2024 നു മുൻപായി പാർക്കിനു വേണ്ടി കണ്ടെത്തിയിട്ടുള്ള സ്ഥലത്തിൽ നിന്നും അഞ്ച് ഏക്കറിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച്, വ്യവസായങ്ങൾക്ക് യോഗ്യമാക്കാൻ കഴിയുമെന്നും ,2025 ജനുവരിയോടെ പ്രസ്തുത പാർക്കിലേക്ക് വ്യവസായികളെ ക്ഷണിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു. നിലവിൽ 7.50 കോടി യുടെ വികസന പ്രവർത്തനങ്ങളാണ് മണിമലയിൽ നടന്നുവരുന്നത്.