കുടിവെള്ള വിതരണം മുടങ്ങി: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വ്യാപാരികള്‍
1424813
Saturday, May 25, 2024 5:46 AM IST
മുക്കം: മുക്കം ടൗണിലും പരിസരങ്ങളിലും ഒരു വർഷത്തോളമായി കുടിവെള്ള വിതരണം മുടങ്ങിക്കിടന്നിട്ടും നടപടിയെടുക്കാത്ത വാട്ടർ അഥോറിറ്റിക്കെതിരേ പ്രതിഷേധം വ്യാപകമാകുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ട അധികാരികൾക്കും നവകേരള സദസിലും പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് യൂണിറ്റ് പ്രസിഡന്റ് പി. അലി അക്ബര്‍ പറഞ്ഞു.
അധികൃതരുടെ അനാസ്ഥയ്ക്കെതിരേ വ്യാപാരി നേതാക്കള്‍ നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രതിഷേധ സമരങ്ങളും സംഘടിപ്പിച്ചിരുന്നു. നടപടി എടുക്കാത്ത കേരള വാട്ടർ അഥോറിറ്റിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വ്യാപാരികള്‍. കഴിഞ്ഞ ദിവസം മുക്കത്ത് നടന്ന ജനറൽബോഡി യോഗത്തില്‍ കേരള വാട്ടർ അഥോറിറ്റിക്കെതിരേ പ്രമേയം പാസാക്കിയിരുന്നു.
കുടിവെള്ളം ലഭിക്കാത്തതിനാൽ മുക്കത്തെ സർക്കാർ സ്ഥാപനങ്ങൾ, ഹോട്ടൽ, കൂൾബാർ, വ്യാപാര സ്ഥാപനങ്ങൾ, സമീപത്തെ വീടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒരു വർഷത്തോളമായി വന്‍ തുക മുടക്കി സ്വകാര്യ ഏജൻസികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വലിയ സാമ്പത്തിക ബാധ്യതയാണ് ഇതുമൂലം വ്യാപാരികൾക്ക് ഉണ്ടാകുന്നത്. ദൈനംദിന ചെലവിൽ ഭീമമായ വർധനവ് കാരണം പല വ്യാപാരസ്ഥാപനങ്ങളും അടച്ചു പൂട്ടലിന്റെ വക്കിലാണെന്നും വ്യാപാരികള്‍ പറയുന്നു.