ഡ്രീംസ് വനിതാ ഫുട്ബോൾ ടൂർണമെന്റ്: കല്ലാനോട് സ്കൂൾ ചാമ്പ്യൻമാർ
1424601
Friday, May 24, 2024 5:10 AM IST
കൂരാച്ചുണ്ട്: തൃക്കരിപ്പൂർ ഡ്രീം ഗേൾസ് ഫുട്ബോൾ അക്കാഡമിയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി തൃക്കരിപ്പൂർ മിനിസ്റ്റേഡിയത്തിലും തൈക്കീൽ അരീന ടർഫിലും വച്ച് നടന്ന ഉത്തര കേരള വനിതാ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു.
മത്സരങ്ങളിലെ അണ്ടർ 16,14,12 വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ യഥാക്രമം സ്കോർലൈൻ (സെന്റ് മേരീസ് കല്ലാനോട്) കോഴിക്കോട്, ഡയനമോസ് കോഴിക്കോട്, ഡ്രീംസ് തൃക്കരിപ്പൂർ, ജിഎഫ്സി ഉദിനൂർ എന്നിവർ ചാമ്പ്യൻമാരായി. ഡൈനാമിക് എഫ്സി കോഴിക്കോട്, ടസ്കേർസ് കണ്ണൂർ, ഡ്രീംസ് യഥാക്രമം റണ്ണേഴ്സപ്പുമായി.
സമാപന ചടങ്ങിൽ കാസർഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് വീരമണി, കെഎഫ്എ ഡെപ്യൂട്ടി സെക്രട്ടറി ടി.കെ.എം. മുഹമ്മദ് റഫീഖ്, മുൻ ഇന്ത്യൻ താരം എം. സുരേഷ്, സി. ദാവൂദ്, എൻ.വി. സ്വപ്ന (എഎസ്ഐ പയ്യന്നൂർ), കോച്ച് കെ.വി. ഗോപാലൻ എന്നിവർ പങ്കെടുത്തു.
പഴയകാല വനിതാ താരങ്ങളെ ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലകളിൽ വിജയം കരസ്ഥമാക്കിയ ഡ്രീംസ് അംഗങ്ങളെ അനുമോദിച്ചു. ഡ്രീംസ് ചെയർമാൻ ഡോ. വി. രാജീവൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ എം. പത്മനാഭൻ, ജനറൽ കൺവീനർ എം. രാജേഷ് എന്നിവർ പ്രസംഗിച്ചു.