മാലിന്യ കൂമ്പാരമായി കുറ്റ്യാടി ചുരം വ്യൂപോയിന്റ്
1423268
Saturday, May 18, 2024 5:27 AM IST
കുറ്റ്യാടി: പല തരം മാലിന്യം കുമിഞ്ഞുകൂടി പക്രംതളം ചുരം വ്യൂപോയിന്റ്. പത്താംവളവിലെ വ്യൂപോയിന്റിലും പരിസരത്തുമാണ് പ്ലാസ്റ്റിക് അവശിഷ്ടമുൾപ്പെടെയുള്ള മാലിന്യം നിറയുന്നത്. റോഡിലും താഴ്ഭാഗങ്ങളിലുമായി നാൾക്കുനാൾ മാലിന്യം വന്നുതള്ളുകയാണിപ്പോൾ. സഞ്ചാരികൾ വൈകുന്നേരങ്ങളിൽ ചുരത്തിന്റെ ഭംഗി ആസ്വദിക്കാനെത്തുന്ന സ്ഥലമാണിത്.
സമീപത്ത് കച്ചവടസ്ഥാപനങ്ങളുമുണ്ട്. ഭക്ഷണാവശിഷ്ടങ്ങള്‍ക്ക് പുറമേ ഒഴിഞ്ഞ പാക്കറ്റുകള്‍ , കുപ്പികൾ തുടങ്ങിയയാണ് ചുരം വ്യൂപോയിന്റിനെ മലിനമാക്കുന്നത്. മാലിന്യക്കൂമ്പാരത്തിൽ ഭക്ഷണംതേടിയെത്തുന്ന തെരുവ്നായകൾ സഞ്ചാരികൾക്ക് ഭീഷണിയാണ്.
മാലിന്യം വലിച്ചെറിയാതിരിക്കാനും സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുമായി ചിലഭാഗങ്ങളിൽ കമ്പിവലകൾ സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ, ഇതില്ലാത്ത ഭാഗങ്ങളിലൂടെയാണ് റോഡിൽനിന്നും താഴ്ഭാഗത്തേക്ക് മാലിന്യം വലിച്ചെറിയുന്നത്. സമീപത്ത് ബോട്ടിൽബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇത് ഉപയോഗിക്കുന്നില്ല.
പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി മാലിന്യം ചുരത്തിന്റെ മറ്റുഭാഗങ്ങളിലും തള്ളുന്നുണ്ട്. മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാത്തതാണ് പ്രശ്നം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.