ഷാഫിക്ക് ദേവകിയമ്മയുടെ സമ്മാനം ദേശീയപതാകയും നൂറ് രൂപയും
1417388
Friday, April 19, 2024 5:24 AM IST
പേരാമ്പ്ര: ദേശീയ പതാകയ്ക്കൊപ്പം കൈയ്യിലെ നൂറ് രൂപ കൂടി ഭദ്രമായി സ്ഥാനാർഥിയെ ഏൽപ്പിച്ച് ദേവകി അമ്മ. പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ചക്കിട്ടപാറ പഞ്ചായത്തിലെ പന്നിക്കോട്ടൂർ കോളനിയിൽ എത്തിയപ്പോഴാണ് ദേവകി അമ്മ സ്ഥാനാർഥിയുടെ വാഹനം കൈ കാണിച്ചു നിർത്തിയത്.
ഷാഫിയുടെ അടുത്തേക്ക് വാത്സല്യപൂർവം എത്തിയ അമ്മയെ അദ്ദേഹം കൈകൾ ചേർത്തു പിടിച്ചു. ഉടൻ കൈയ്യിൽ കരുതിയ, ഒരു വശത്ത് ദേശീയ പതാകയും മറുവശത്ത് നൂറ് രൂപ നോട്ടുമടങ്ങിയ ഒരു എടിഎം കാർഡിന്റെ വലുപ്പത്തിലുള്ള പ്ലാസ്റ്റിക് സഞ്ചി ദേവകി ഷാഫിക്ക് കൈമാറി.
സ്നേഹത്തോടെ സ്വീകരിച്ച ഷാഫി ഇത് സൂക്ഷിച്ചു വയ്ക്കാൻ കൂടെയുള്ളവർക്ക് നിർദേശം നൽകി. മണ്ഡലത്തിൽ ഉടനീളം ഇത്തരത്തിൽ ലഭിക്കുന്ന സ്നേഹ വാത്സല്യങ്ങൾ തന്റെ കണ്ണുകളെ ഈറനണിയിക്കുന്നതായി ഷാഫി പറമ്പിൽ പറഞ്ഞു.