വയോധികന് വീട്ടിൽ കയറി ആക്രമണം: പോലീസ് കേസെടുത്തില്ലെന്ന് പരാതി
1417146
Thursday, April 18, 2024 5:32 AM IST
കാരശേരി: വയോധികനെ അജ്ഞാതരായ രണ്ടുപേർ വീട്ടിൽ കയറി ക്രൂരമായി മർദിച്ചതായി പരാതി. നെല്ലിക്കാപ്പറമ്പ് തേക്കനാംകുന്നേൽ കെ.ടി. ആന്റണി (68) ആണ് മുക്കം പോലീസിൽ പരാതി നൽകിയത്. ഈ മാസം മൂന്നിന് മർദനമേറ്റത്തിനെത്തുടർന്ന് പിറ്റേന്ന് നൽകിയ പരാതിയിൽ ഇതുവരെ പോലീസ് കുറ്റക്കാരുടെ പേരിൽ കേസെടുത്തിട്ടില്ലെന്ന് ആന്റണി പത്രസമ്മേളനത്തിൽ പറഞ്ഞു.
ആന്റണിയുടെ വീട്ടിൽ സുഹൃത്തിന്റെ കൂടെ എത്തിയ യുവാവ് ഫോൺ ചെയ്യാനായി മൊബൈൽ വാങ്ങി ആരെയോ വിളിച്ച ശേഷം തിരിച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഒരു സ്ത്രീ ഈ ഫോണിലേക്ക് വിളിച്ച് ആരാണ് തന്നെ ഫോൺ ചെയ്തത് എന്നും അവരുടെ നമ്പർ നൽകണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ഫോൺ ചെയ്ത ആളെ പരിചയമില്ലാത്തതിനാൽ നമ്പർ കൊടുക്കാൻ കഴിഞ്ഞില്ല. ഇതിനുശേഷമാണ് രണ്ടുപേർ വീട്ടിൽ വന്ന് വിളിച്ചിറക്കി മർദിച്ചത് എന്നാണ് ആന്റണി പറയുന്നത്.
താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ആന്റണിയെ അവിടെനിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയയ്ക്കുകയായിരുന്നു. കുറ്റവാളികളെ കണ്ടെത്തി നിയമനടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് ആൻറണി ആവശ്യപ്പെട്ടു.