മാലിന്യനിക്ഷേപ കേന്ദ്രമായി ഭട്ട് റോഡ്, കോന്നാട് ബീച്ച്
1417143
Thursday, April 18, 2024 5:32 AM IST
കോഴിക്കോട്: ഭട്ട് റോഡ്, കോന്നാട് ബീച്ചില്‍ സന്ദര്‍ശകരെ പൊറുതിമുട്ടിച്ച് മാലിന്യനിക്ഷേപം.മധ്യവേനല്‍ അവധി പ്രമാണിച്ച് ഭട്ട് റോഡ് ബീച്ചില്‍ സായാഹ്നം ചെലഴവഴിക്കാന് എത്തുന്ന കുടുംബങ്ങളുടെ എണ്ണം കൂടി വരുമ്പോഴാണ് മാലിന്യനിക്ഷേപം ദുരിതമാവുന്നത്.
പെരുന്നാളും വിഷുവും പ്രമാണിച്ച് ഇവിടെ കൂടുതല്‍ ആളുകള്‍ എത്തിയെങ്കിലും മാലിന്യപ്രശ്നം കാരണം പെട്ടെന്ന് മടങ്ങുകയായിരുന്നു. ആളുകള്‍ക്കുള്ള ഇരിപ്പിടങ്ങളും കുട്ടികളുടെ കളിസ്ഥലത്തുള്ള സാമഗ്രികളും പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. ഇത് നന്നാക്കാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
നേരത്തെ ഇവിടെനിന്നുള്ള മാലിന്യനീക്കം കാര്യക്ഷമമായി നടന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒന്നും നടക്കാത്ത സ്ഥിതിയാണ്. ബീച്ചില്‍ പലയിടത്തും ശുചീകരണം നിലച്ച മട്ടാണ്. അവധിദിവസങ്ങള്‍ ഒരുമിച്ചു വരുന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ശുചീകരണം കാര്യക്ഷമമല്ല എന്നാണ് നഗരവാസികളുടെ അനുഭവം.
കോര്പറേഷന് ഓഫീസിന് മുന്നിലുള്ള ബീച്ചില്‍ തിരക്ക് വര്‍ധിക്കുമ്പോള്‍ പലരും ഭട്ട് റോഡ്, കോന്നാട് ബീച്ചിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇവിടെ വന്‍തോതില്‍ മാലിന്യംതള്ളുന്ന അവസ്ഥയാണുള്ളത്. സല്‍ക്കാര പരിപാടികളുടെ ഭാഗമായുള്ള ഭക്ഷണമാലിന്യങ്ങളും ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യങ്ങളും ഇവിടെ എത്തുന്നുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഇത് കഴിക്കാനായി നായകളും അലഞ്ഞു തിരിയുന്ന കന്നുകാലികളും ധാരാളമായി എത്തുന്നു. കോര്പറേഷന് ശുചീകരണവിഭാഗവും ആരോഗ്യവിഭാഗവും ഇക്കാര്യം വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് പരാതിയുണ്ട്.
മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത് കാരണം ബീച്ചിലെ പരിസരത്തും തെരുവ് നായകളുടെ ശല്യവും രൂക്ഷമാണ്. രാപകല്‍ ഭേദമന്യേ കൂട്ടമായി അലഞ്ഞു നടക്കുന്ന ഇവ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും നേരെ കുറച്ചുചാടുന്നത് പതിവ് കാഴ്ച്ചയാണ്. ഇരുചക്ര വാഹനങ്ങള്‍ക്ക് പിന്നാലെ നായ്ക്കള്‍ കൂട്ടമായി ഓടുമ്പോള്‍ യാത്രക്കാര്‍ റോഡില്‍ വീഴാനിടയാകുന്നു.
അപ്പോള്‍ നായ്ക്കള്‍ യാത്രക്കാരെ കടിക്കുന്നു.വാഹനത്തില്‍ നിന്നു വീണും രക്ഷപ്പെടാന്‍ അമിതവേഗത്തില്‍ വാഹനമോടിക്കുമ്പോഴും അപകടം സംഭവിക്കുകയാണ്. റോഡരികിലും മാലിന്യങ്ങള്‍ കൂട്ടിയിടുന്ന സ്ഥലങ്ങളിലും കടകളുടെ വരാന്ത, ആളൊഴിഞ്ഞ പറമ്പുകളിലുമാണ് ഇവ കൂട്ടമായി തമ്പടിക്കുന്നത്.