സൈബര്‍ ആക്രമണ പരാതി ശ്രദ്ധ തിരിച്ചുവിടാനെന്ന്
1417142
Thursday, April 18, 2024 5:32 AM IST
വടകര: സൈബര്‍ ആക്രമണ പരാതി തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളില്‍നിന്ന് വഴി തിരിച്ചുവിടാനുള്ള ശ്രമമാണെന്ന് എംഎല്‍എമാരായ കെ.കെ.രമ, ഉമ തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സൈബര്‍ ആക്രമണം നടക്കുന്നതായി കാണിച്ച് സിപിഎം ജില്ലാ സെക്രട്ടറി മാര്‍ച്ച് 18ന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തുകൊണ്ട് ഇതുവരെ സര്‍ക്കാര്‍ നടപടിയൊന്നും എടുത്തില്ല എന്ന് വിശദീകരിക്കാനുള്ള ബാധ്യത വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുണ്ട്. എന്നും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഒപ്പമായിരുന്നു സ്ഥാനാര്‍ഥിയെന്നും ആഭ്യന്തര വകുപ്പ് അത്രമേല്‍ പരാജയമാണെന്നുള്ള കുറ്റസമ്മതമാണ് സ്ഥാനാര്‍ഥിയുടെ വാര്‍ത്താസമ്മേളനമെന്നും അവര്‍ പറഞ്ഞു.
പൊതുഇടങ്ങളിലെ സ്ത്രീകള്‍ വലിയ തോതില്‍ ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. ഇവയെല്ലാം അവസാനിപ്പിക്കണം. ആകയാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാതി ഞങ്ങള്‍ മുഖവിലക്ക് എടുക്കുന്നു.
കുടുംബ ഗ്രൂപ്പുകളില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു എന്ന് സ്ഥാനാര്‍ഥി പറയുന്നുണ്ട്. എന്തുകൊണ്ടാണ് അവര്‍ ആ വീഡിയോ പോലീസീല്‍ നല്‍കാത്തത്. സൈബര്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി സ്ഥാനാര്‍ഥിയും സഹകരിക്കണം.തനിക്കെതിരെ രൂക്ഷമായ രീതിയില്‍ സൈബര്‍ ആക്രമണങ്ങളുണ്ടായി. അശ്ലീലവും വ്യാജവും എല്ലാം അതില്‍ ഉണ്ടായിരുന്നു.
2016ലെ തെരഞ്ഞെടുപ്പില്‍ താന്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചപ്പോള്‍ തന്റെ പേരില്‍ വ്യാജവീഡിയൊ ഇറക്കി. ഇതിനൊക്കെ എതിരെ കൊടുത്ത ഒരുകെട്ട് പരാതികള്‍ പൊലീസ് സ്റ്റേഷനുകളില്‍ ഉണ്ട്. ഇവയിലൊക്കെ അടയിരിക്കുകയായിരുന്നു ആഭ്യന്തര വകുപ്പെന്ന് രമ പറഞ്ഞു. ടിപിയെ വെട്ടിക്കൊന്ന പ്രതികള്‍ക്കു നല്കിയ ഇളവ് കോടതി പിന്‍വലിച്ചതും ശിക്ഷ കടുപ്പിച്ചതും ഈയടുത്താണ്.
കുഞ്ഞനന്തന് മരണപ്പെട്ടെങ്കിലും കുടുംബത്തോട് പിഴയൊടുക്കാന്‍ വരെ കോടതി നിര്‍ദേശിച്ചു. ആ കുഞ്ഞനന്തനെ ന്യായീകരിക്കുന്നയാളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പാനൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് അവരുടെ പ്രവര്ത്തകന് മരണപ്പെട്ടു. ആര്‍എംപിയുടെ പ്രവര്‍ത്തകരെ വിളിച്ച് പുറത്തിറക്കി മര്‍ദിച്ച അവസ്ഥയുണ്ടായി.
ഇതൊക്കെ വടകരയിലെ തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്. ഇതൊക്കെ പറയുമ്പോള്‍ വ്യക്തിഅധിക്ഷേപം എന്നുപറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും കെ.കെ. രമ പറഞ്ഞു.കോവിഡ് കാലത്തെ ക്രമക്കേടുകള്‍ ചോദ്യം ചെയ്യുന്നത് വ്യക്തി അധിക്ഷേപമല്ലെന്നും രാഷ്ട്രീയമാണെന്നും അവര്‍ പറഞ്ഞു.