കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകളുടെ സ്വാഭിമാനം ഉയര്‍ത്തിപിടിച്ചു: മീനാക്ഷി ലേഖി
1415968
Friday, April 12, 2024 5:36 AM IST
കോഴിക്കോട്: രാജ്യത്തെ മുഴുവന്‍ സ്ത്രീകളുടെയും സ്വാഭിമാനം ഉയര്‍ത്തി പിടിച്ച സര്‍ക്കാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് വിദേശകാര്യ സാംസ്കാരിക സഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. രാജ്യത്ത് നടപ്പാക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളിലൂടെ യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണം നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംടി രമേശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച മഹിളാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മീനാക്ഷി ലേഖി.
സ്ത്രീകള്‍ക്ക് ഏറ്റവും പ്രാതിനിധ്യം നല്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നവര് പറഞ്ഞു.വനിതാ ശാക്തീകരണ ബില്ല് നടപ്പാക്കി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തി. പ്രധാനമന്ത്രി ആവാസ് യോജന വഴി കേരളത്തില്‍ മാത്രം 1.14 ലക്ഷം വീടുകള്‍ നല്കി. സംസ്ഥാനത്തെ 40 ലക്ഷത്തിലധികം വീടുകളില്‍ കുടിവെള്ളം എത്തിച്ചു, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന വഴി എല്ലാ വീട്ടിലും ഗ്യാസ് കണക്ഷന് എത്തിക്കുന്നുവെന്നും മീനാക്ഷി ലേഖി പറഞ്ഞു.
മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ രാവിലെ മുതലക്കുളത്ത് നിന്ന് മഹിളാ റാലിയോടെയാണ് പരിപാടി ആരംഭിച്ചത്. നൂറുകണക്കിന് മഹിളാ പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലിയില്‍ പാളയം പിന്നിട്ടപ്പോള്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയും സ്ഥാനാര്‍ത്ഥി എംടി രമേശും ഒപ്പം ചേര്‍ന്നു. കല്ലായി റോഡിലെ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ റാലി സമാപിച്ചു.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് രമ്യ മുരളി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രമണി ഭായ് , മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി ഷൈനി ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.