തീരദേശ ജനതയ്ക്ക് കൈത്താങ്ങായി പുനർഗേഹം
1396838
Saturday, March 2, 2024 4:51 AM IST
കോഴിക്കോട്: തിരയേയും കടലിനേയും ഭയപ്പെടാതെ കടലിന്റെ മക്കൾക്ക് അന്തിയുറങ്ങാൻ പുനർഗേഹം പദ്ധതിയിലൂടെ ജില്ലയിൽ പൂർത്തീകരിച്ചത് 98 വീടുകൾ. ബേപ്പൂർ മുതൽ വടകര വരെ നീണ്ടുകിടക്കുന്ന കടലോര മേഖലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ വീടുകൾ നിർമിച്ചു നൽകുന്നത്.
തീരദേശ ജനതയെ സുരക്ഷിത ഭവനങ്ങളിൽ താമസിപ്പിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആരംഭിച്ച പുനർഗേഹം പദ്ധതിയിലൂടെയാണ് ജില്ലയിൽ വീടുകളൊരുങ്ങുന്നത്. കടലോരത്തെ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന കുടുംബങ്ങളെയാണ് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ജില്ലയിൽ മൊത്തം 2,609 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.