കക്കയത്ത് ഭീതി വിതച്ച് കാട്ടാനകൾ
1396827
Saturday, March 2, 2024 4:45 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിലെ നാലാം വാർഡ് കക്കയം മേഖലയിലെ വിവിധ ഭാഗങ്ങളിലെ ജനവാസ കേന്ദ്രത്തിലെ കൃഷിയിടങ്ങളിൽ നാശം വിതച്ച് കാട്ടാനകൾ. നാളുകളായി മുപ്പതാംമൈൽ, തൂവ്വക്കടവ്, കക്കയം പോസ്റ്റ് ഓഫീസ് സമീപം എന്നിവിടങ്ങളിലാണ് കാട്ടാനകൾ ജനങ്ങളിൽ ഭീതി വിതച്ച് കൃഷി വിളകൾ നശിപ്പിക്കുന്നത്.
കക്കയം പോസ്റ്റ് ഓഫീസ് മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ കർഷകരായ മരുതോലിൽ ജോയി, മരുതോലിൽ ജോണി എന്നിവരുടെ തെങ്ങുകൾ കാട്ടാന നശിപ്പിച്ചു. വനാതിർത്തിയിൽ വനംവകുപ്പ് സ്ഥാപിച്ച ഫെൻസിംഗ് കാര്യക്ഷമമല്ലാത്തതാണ് ഈ മേഖലയിൽ കാട്ടാനകൾ ഇറങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നത്. വാർഡ് മെമ്പർ ഡാർലി ഏബ്രഹാം സ്ഥലം സന്ദർശിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ മുപ്പതാം മൈൽ, തൂവ്വക്കടവ് ഭാഗങ്ങളിലും കാട്ടാനകൾ വ്യാപകമായ കൃഷി നാശമാണ് വരുത്തിയത്. സമീപ പ്രദേശമായ കല്ലാനോട് ഭാഗത്തും കാട്ടാനകളെത്തി നാശനഷ്ടം വരുത്തിയിരുന്നു. കാട്ടാന പ്രവേശിക്കുന്നത് തടയാൻ ഡാം റിസർവോയറിന് അതിർത്തികളിൽ ഫെൻസിംഗ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കാത്തതിൽ കർഷകർക്ക് അതൃപ്തിയുണ്ട്.
കൃഷിക്കൊപ്പം ജീവനുപോലും ഭീഷണിയായ സാഹചര്യത്തിലാണ് പ്രദേശവാസികൾ ജീവിതം നയിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. അടിയന്തര നടപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. 26 കിലോമീറ്റർ ദൂരം ഹാംഗിംഗ് ഫെൻസിംഗ് സർക്കാർ അനുവദിച്ചു: എംഎൽഎ
കൂരാച്ചുണ്ട്: കാട്ടാനയിറങ്ങി നാശനഷ്ടം വരുത്തിയ കല്ലാനോട് മുണ്ടിയാനി കോളനിഭാഗം സ്ഥലം എംഎൽഎ കെ.എം. സച്ചിൻദേവ് സന്ദർശിച്ചു.
കക്കയം ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ചർ സി. വിജിത്ത്, കെ.ജി. അരുൺ, വി.ജെ. സണ്ണി, കെ.ജെ. തോമസ്, ഇ.എം. അവറാച്ചൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഈ മേഖലകളിൽ വനം വകുപ്പിന്റെ രാത്രികാലങ്ങളിലെ പട്രോളിംഗ് ശക്തിപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും കൂരാച്ചുണ്ട് പഞ്ചായത്തിൽ ആന ഇറങ്ങുന്ന 26 കിലോമീറ്റർ ദൂരത്തിൽ ഹാംഗിംഗ് ഫെൻസിംഗ് സർക്കാർ അനുവദിച്ചതായും ഇത് ഉടൻ പൂർത്തിയാകുമെന്നും ഇതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും എംഎൽഎ അറിയിച്ചു.