മില്ലേനിയം ബാച്ചിന്റെ അത്തറിന്റെ മണമുള്ള സമ്മാനങ്ങൾ ആസ്വദിച്ച് പഴംപറമ്പിലെ അന്തേവാസികൾ
1396617
Friday, March 1, 2024 4:43 AM IST
മുക്കം: കീഴുപറമ്പ് പഴംപറമ്പിലെ അന്ധ - അഗതി മന്ദിരത്തിന് അത്തറിന്റെ മണമുള്ള സമ്മാനപ്പൊതികളുമായി പിടിഎം ഹയർ സെക്കൻഡറി സ്കൂൾ 2000 ബാച്ച് എസ്എസ്എൽസി ബാച്ച് വിദ്യാർഥികൾ എത്തിയപ്പോൾ അന്തേവാസികൾക്കും സന്തോഷം.
കൂട്ടായ്മ രൂപീകൃതമായി കുറഞ്ഞ കാലത്തിനിടക്ക് തന്നെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ മില്ലേനിയം ബാച്ച് പഴംപറമ്പിലെ അന്തേവാസികൾക്ക് ഇഷ്ടപ്പെട്ട സമ്മാനങ്ങൾ തന്നെ വാങ്ങി നൽകുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 30 നിരാശ്രയരാണ് ഇവിടെ കഴിയുന്നത്.
സർക്കാർ സംവിധാനങ്ങളിൽ നിന്ന് കാര്യമായ സഹായങ്ങൾ ഒന്നും തന്നെ ഇവർക്ക് ലഭിക്കുന്നില്ല. ഇത് തിരിച്ചറിഞ്ഞാണ് അഗതിമന്ദിരം അധികൃതരെ ബന്ധപ്പെട്ട് അവർക്കാവശ്യമുള്ള സാധനങ്ങൾ എത്തിച്ചു നൽകിയത്. ഒരു ദിവസത്തോളം അന്തേവാസികൾക്കൊപ്പം ചിലവഴിക്കുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും അവരോടൊപ്പം ആടിപ്പാടുകയും ചെയ്തു.
തങ്ങളുടെ കൂടെ പഠിച്ച് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച മില്ലേനിയം ബാച്ചിന്റെ ആഭിമുഖ്യത്തിൽ കൂട്ടത്തിലുള്ളവർക്ക് ചികിത്സാ സഹായം, വിവാഹ ധനസഹായം, വിവിധ കാരണങ്ങളാൽ പുറത്തിറങ്ങാൻ പറ്റാത്തവർക്കായി ഉല്ലാസയാത്ര എന്നിവക്കൊപ്പം അൽത്താഫ്, ഷഫീഫ് ചികിത്സ സമിതിക്കും സഹായമെത്തിച്ച് നൽകിയിട്ടുണ്ട്.
അന്ധ അഗതി മന്ദിരത്തിൽ നടന്ന പരിപാടികൾക്ക് ചെയർപേഴ്സൺ വി. ഷംലൂലത്ത്, കൺവീനർ റഹീം ഫോട്ടോബേ, ശബാന ചോല, ഷിജു, സുഹൈർ, ഹരി, എ.എം. ശബാന, സക്കീർ തേലിരി, കെ. സിദ്ദീഖ് , എ. ജെനിസാർ, നിഖിൽ കവിലട തുടങ്ങിയവർ നേതൃത്വം നൽകി.