ദശരഥൻകടവിൽ പകൽ സമയത്തും കാട്ടാനകളിറങ്ങി
1396313
Thursday, February 29, 2024 4:34 AM IST
കൂരാച്ചുണ്ട്: വന്യജീവി ശല്യം മൂലം ജനങ്ങൾ ഭീതിയോടെ കഴിയുന്ന കല്ലാനോട് മേഖലയിലെ ദശരഥൻ കടവിൽ ഇന്നലെ പകൽ സമയത്തും കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി. സാധാരണയായി രാത്രിയോടെ ഇറങ്ങുന്ന കാട്ടാനകൾ ഇന്നലെ വൈകിട്ട് അഞ്ചരയോടെ തന്നെ ഈന്തൻ കടവ് ഭാഗത്ത് എത്തി.
തുടർന്ന് നാട്ടുകാരും വനം ഉദ്യോഗസ്ഥരും പടക്കം പൊട്ടിച്ചു ആനകളെ തുരത്തിയെങ്കിലും റിസർവോയർ കടന്ന് ദശരഥൻ കടവിലെ ജനവാസ കേന്ദ്രത്തിലേക്ക് രണ്ട് ആനകൾ നീന്തി എത്തുകയായിരുന്നു.
ആഴ്ചകളായി കാട്ടാനകൾ ഈ പ്രദേശത്ത് സ്ഥിരമായി എത്തുന്നത് നാട്ടുകാരെ ഏറെ ഭയപ്പെടുത്തുന്നുണ്ട്. വാർഡ് മെന്പർ അരുണ്‍ ജോസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് രൂപീകരിച്ച രക്ഷാ സ്ക്വാഡിന്റെ പ്രവർത്തകരും വനം ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരുടെ കൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചത്.