ചാറ്റിംഗിലൂടെ പരിചയപ്പെട്ട് വാഹനം മോഷ്ടിക്കുന്ന യുവാവ് പിടിയില്‍
1394966
Friday, February 23, 2024 7:47 AM IST
കോഴിക്കോട്: സോഷ്യല്‍ മീഡിയ വഴി ബന്ധം സ്ഥാപിച്ച് ആളുകളില്‍ നിന്നു വാഹനങ്ങള്‍ മോഷ്ടിക്കുന്ന യുവാവ് പിടിയില്‍. കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശി അശ്വന്ത് (24) ആണ് പോലീസിന്റെ പിടിയിലായത്. തൃശൂര്‍ സ്വദേശിയുടെ കാറാണ് പ്രതി മോഷ്ടിച്ചത്.
വാഹന കച്ചവടക്കാരൻ എന്ന വ്യാജേന സോഷ്യൽമീഡിയ വഴി പരിചയപ്പെട്ടാണ് മോഷണം ആസൂത്രണം ചെയ്തത്. വിപിൻ എന്ന പേരിൽ പരിചയപ്പെട്ട ശേഷം ചാറ്റിംഗിലൂടെ വിശ്വാസം നേടിയെടുത്താണ് പ്രതി മോഷണം നടത്തുന്നത്.
സ്ത്രീകളുടെ പേരിലുൾപ്പെടെ നിരവധി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളും പ്രതി ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തി. ഇരയെ തനിക്ക് സുരക്ഷിതമെന്ന് ഉറപ്പുള്ള സ്ഥലത്തെത്തിച്ച ശേഷം മോഷണം നടത്തുന്നതാണ് രീതി. അതിനായി സിസിടിവി കാമറകൾ ഇല്ലാത്തതും വാഹനവുമായി പെട്ടെന്ന് രക്ഷപ്പെടാനും പറ്റിയ സ്ഥലമാണ് തെരഞ്ഞെടുക്കാറ്.
വിവിധ ഫോൺ നമ്പറുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഉപയോഗിക്കുന്ന പ്രതി മോഷണത്തിനു ശേഷം ചെലവൂരിലുള്ള വാടക വീട്ടിൽ കാമുകിയോടൊപ്പം രഹസ്യമായി താമസിച്ചുവരികയായിരുന്നു.
മോഷ്ടിച്ച കാർ കാമറയിൽ കുടുങ്ങാതിരിക്കാൻ വ്യാജ നമ്പര്‍ പ്ലേറ്റ് വച്ചാണ് ഉപയോഗിച്ചിരുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള ആക്രിചന്തയിലെത്തിച്ച് വാഹനം പൊളിച്ചുവിൽക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.