ഓമശേരിയിൽ 61 കുടുംബങ്ങൾക്ക് ഭവന പുനരുദ്ധാരണ സഹായം
1338892
Thursday, September 28, 2023 12:56 AM IST
താമരശേരി: 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഓമശേരി പഞ്ചായത്ത് 42 ലക്ഷം രൂപ ചെലവഴിച്ച് 61 കുടുംബങ്ങൾക്ക് ഭവന പുനരുദ്ധാരണത്തിന് സാന്പത്തിക സഹായം നൽകുന്നു.
ജനറൽ വിഭാഗത്തിൽ 38 കുടുംബങ്ങൾക്ക് അന്പതിനായിരം രൂപ വീതവും പട്ടിക ജാതി വിഭാഗത്തിൽ 19 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും രണ്ട് അതിദരിദ്ര കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും ആശ്രയ പദ്ധതിയിലെ രണ്ട് കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവുമാണ് അനുവദിച്ചത്. ഒക്ടോബർ അഞ്ചിനകം ഗുണഭോക്താക്കൾ പഞ്ചായത്തിൽ രേഖകൾ സമർപ്പിച്ച് എഗ്രിമന്റ് നടപടികൾ പൂർത്തീകരിക്കും.
എഗ്രിമന്റ് വച്ചതിനു ശേഷം ജനറൽ വിഭാഗത്തിന് ഇരുപത്തി അയ്യായിരം രൂപയും പട്ടികജാതി, അതി ദരിദ്രർ, ആശ്രയ ഗുണഭോക്താക്കൾക്ക് അന്പതിനായിരം രൂപയും അഡ്വാൻസായി നൽകും. പ്രവൃത്തി പൂർത്തീകരിച്ച് ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യ പത്രം ലഭ്യമാക്കിയാലുടൻ ബാക്കി തുകയും എല്ലാ വിഭാഗത്തിനും കൈമാറും.
ഗുണഭോക്താക്കളുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്യുക. നവംബർ 30 നകം 61 വീടുകളുടേയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും.
വികസന ഫണ്ടിൽ നിന്നും എസ്സി ഫണ്ടിൽ നിന്നും തനത് ഫണ്ടിൽ നിന്നുമായാണ് 42 ലക്ഷം രൂപ ചെലവഴിക്കുന്നത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഗുണഭോക്തൃ സംഗമത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ പദ്ധതിയുടെ പ്രഖ്യാപനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ഫാത്വിമ അബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെന്പർ നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യാതിഥിയായിരുന്നു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അന്പലക്കണ്ടി പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് സീനത്ത് തട്ടാഞ്ചേരി, പഞ്ചായത്ത് സെക്രട്ടറി എം.പി. മുഹമ്മദ് ലുഖ്മാൻ, പഞ്ചായത്തംഗങ്ങളായ എം.എം. രാധാമണി, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, എം. ഷീജ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.