യാത്രാ ദുരിതത്തിന് അറുതിയില്ല
1336986
Wednesday, September 20, 2023 7:38 AM IST
കോടഞ്ചേരി: കോടഞ്ചേരി ഓമശേരി റോഡിൽ കല്ലന്ത്രമേടിനും വേളങ്കോട് ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷന് സമീപം റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് ഏകദേശം ഒരു വർഷത്തോളമാകുന്നു. കാപ്പാട് തുഷാരഗിരി സ്റ്റേറ്റ് ഹൈവേ നിർമാണത്തിന്റെ ഭാഗമായി കലുങ്ക് നിർമിച്ചതിന്റെ സമീപത്തായാണ് റോഡ് തകർന്ന് കിടക്കുന്നത്. വെള്ളം ഒഴുകുന്ന ഡ്രെയിനേജ് അടഞ്ഞു കിടക്കുന്നതിനാലാണ് റോഡ് ഈ അവസ്ഥയിലായത്.
നിരവധി സ്കൂൾ വിദ്യാർഥികളടക്കം കാൽനടയായി പോകുന്ന ഭാഗത്ത് മഴപെയ്താൽ കാൽനടയാത്ര പോലും ദുഷ്കരമാണ്. ഈ റോഡിൽ കോടഞ്ചേരി വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും പൈപ്പിടുന്നതിനാൽ വാഹന യാത്ര സുഗമമല്ല. തകർന്നു കിടക്കുന്ന റോഡ് അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് നന്നാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.