ജലജീവൻ പദ്ധതിയുടെ പ്രവൃത്തിയിൽ ദുരിതം പേറി വിദ്യാർഥികൾ
1299596
Saturday, June 3, 2023 12:16 AM IST
പടത്തുകടവ്: കുടിവെള്ള പദ്ധതിയായ ജലജീവൻ മിഷന്റെ ജലവിതരണ പൈപ്പിടൽ പ്രവൃത്തിക്കായി റോഡരിക് കീറി മുറിച്ച് കുഴിയെടുക്കുന്നതിനെ തുടർന്ന് റോഡ് ചെളിക്കുളമായി മാറിയതായി പരാതി.
പന്തിരിക്കര- ഒറ്റക്കണ്ടം റോഡിലാണ് സ്കൂൾ തുറന്നപ്പോൾ തന്നെ ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തി സ്കൂൾ കുട്ടികളേയും നാട്ടുകാരെയും ബുദ്ധിമുട്ടിലാക്കിയത്. എന്നാൽ രണ്ടു മാസം സ്കൂൾ അടച്ചപ്പോൾ പദ്ധതിയുടെ പ്രവൃത്തി നിർത്തി വെച്ചിരുന്നു. സ്കൂൾ തുറക്കുന്നതിന് തലേദിവസം തന്നെ പ്രവൃത്തി പുനരാരംഭിച്ചത് നാട്ടുകാരോടും വിദ്യാർഥികളോടുമുള്ള പ്രതികാര നടപടിയായി മാറിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. യാത്രക്കാർക്ക് യാതൊരു പരിഗണനയും നൽകാതെ ഇതിന്റെ പ്രവൃത്തി നടത്തുന്നത് വിദ്യാർഥികൾ സ്കൂളിലേക്ക് എത്തിച്ചേരുന്നതിനും മടങ്ങിപ്പോകുന്നതിനും തടസമായിയെന്നാണ് പരാതി ഉയരുന്നത്.