തൂക്കുപാലം തകർന്നു മൂന്നു പേർക്കു പരിക്ക്
1299093
Thursday, June 1, 2023 12:00 AM IST
തിരുവമ്പാടി: കൊടയ്ക്കാട്ടുപാറ കെപി എസ്റ്റേറ്റിലേക്കുള്ള ചെന്ന്യാമ്പാറ തൂക്കുപാലം തകർന്ന് മൂന്നുപേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
തൊടുപുഴ പൈങ്ങോട്ടൂർ സ്വദേശി കാഞ്ഞിരക്കാട്ടുകുന്നേൽ സാലി ജോസഫ് (59), ഭർത്താവ് കെ.ജെ. ജോസഫ് (62), കോട്ടയം പാമ്പാടി സ്വദേശി ഫിൻമോൻ ജേക്കബ് (36) എന്നിവർക്കാണ് പരിക്കേറ്റത്.
പാലത്തിന്റെ ഇരുമ്പുകമ്പി പാറയിൽ ഉറപ്പിച്ചിരുന്ന കൊളുത്ത് തകർന്ന് പാലം ചെരിഞ്ഞ് യാത്രക്കാർ പുഴയിലെ പാറക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന 4 വയസുള്ള കുട്ടിയും മറ്റൊരു സ്ത്രീയും പാലത്തിൽ തൂങ്ങിക്കിടന്നതു കൊണ്ട് പരിക്കേൽക്കാതെ രക്ഷപെട്ടു.2013 ൽ പണിതീർത്ത 40 മീറ്ററോളം നീളമുള്ള പാലം 2022 ജൂണിൽ അപകടത്തിലായതിനെ തുടർന്ന് അടച്ചിട്ടു.
6 മാസം മുമ്പാണ് ഒന്നര ലക്ഷം രൂപ ചെലവിൽ അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിനു തുറന്നു കൊടുത്തത്.
അന്ന് ശ്രദ്ധയിൽ പെടാതിരുന്ന ഭാഗമാണ് ഇപ്പോൾ തകർന്നത് എന്നാണ് അധികൃതരുടെ വിശദീകരണം .