യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗൾഫിലേക്ക് കടന്ന പ്രതിയെ പിടികൂടി
1298861
Wednesday, May 31, 2023 5:03 AM IST
കൂടരഞ്ഞി: നരിക്കുനി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗൾഫിലേക്ക് കടന്ന പ്രതിയെ തിരുവമ്പാടി പോലീസ് പിടികൂടി.
2016ൽ കൂടരഞ്ഞി പള്ളി തിരുന്നാൾ ദിവസം രാത്രി ബസ്റ്റോപ്പിൽ വച്ച് നരിക്കുനി പന്നിക്കോട്ടൂർ സ്വദേശിയായ സുലൈമാനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബഹറിനിലേക്ക് കടന്ന ഓമശേരി പുത്തൂർ കിഴക്കേ പുനത്തിൽ ആസിഫിനെയാണ് തിരുവമ്പാടി സബ് ഇൻസ്പെക്ടർ സി.ജെ ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം മുംബൈ എയർപോർട്ടിൽ നിന്നും പിടികൂടിയത്. ഈ കേസിൽ മറ്റൊരു പ്രതിയായ വട്ടോളി പന്നിക്കോട്ടൂർ സ്വദേശിയായ സിറാജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോഴിക്കോട് മാറാട് കോടതിയിൽ ഹാജരാക്കും. തിരുവമ്പാടി പോലീസിലെ സിപിഒ സുരേഷ്, മണി എന്നിവരാണ് പ്രതിയെ പിടികൂടിയത്.