കൂരാച്ചുണ്ട്: കഴിഞ്ഞ ദിവസങ്ങളിലായി പഞ്ചായത്തിലെ ഒമ്പത്, പത്ത് വാർഡുകളിൽ നാലുപേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
വാർഡുകൾ തോറും ഉച്ചഭാഷിണി നടത്തുകയും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഫോഗിംഗ് നടത്തുകയും ചെയ്തു. പ്രദേശത്ത് പനി കേസുകൾ ഇല്ലെന്നും രോഗ പകർച്ച നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ഡെങ്കിപ്പനിക്കെതിരേ എല്ലാവരും ജാഗ്രത പുലർത്തണമെന്നും കൊതുക് നിവാരണ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വാർഡ് മെമ്പർ ഒ.കെ. അമ്മദ്, ഹെൽത്ത് ഇൻസ്പെക്ടർ എ.സി. അരവിന്ദ്, ജെഎച്ച്ഐമാരായ ജോൺസൺ ജോസഫ് ,ജയേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.