ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായില്ല; ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയില്ല
1297360
Thursday, May 25, 2023 11:56 PM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസിപ്പിക്കുന്നതിനു ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ ഇതുവരെ പൂര്‍ത്തിയായില്ല. അതുകൊണ്ടുതന്നെ റോഡ് പ്രവര്‍ത്തി ടെന്‍ഡര്‍ ചെയ്യുന്നതിനുള്ള നടപടികളും തുടങ്ങിയില്ല. കിഴക്കെ നടക്കാവില്‍ റോഡിന്റെ ഇടുങ്ങിയ ഭാഗത്തുള്ള കടമുറികള്‍ ഇപ്പോഴും ഏറ്റെടുത്തിട്ടില്ല.
ഏറ്റെടുത്ത സ്ഥലങ്ങളില്‍ തന്നെയുള്ള നിര്‍മിതികള്‍ പൊളിച്ചുമാറ്റിയിട്ടില്ല. യൂട്ടിലിറ്റി സര്‍വീസുകളായ ട്രാന്‍സ്ഫോര്‍മര്‍, ഇലക്ട്രിസിറ്റി-ടെലഫോണ്‍ ലൈനുകള്‍, വാട്ടര്‍ ടാങ്ക് തുടങ്ങിയവ മാറ്റി സ്ഥാപിച്ചിട്ടില്ല. ഇനിയും ഏതാനും സ്ഥലംകൂടി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ബാക്കിയുണ്ട്. നഗരപാതാ വികസന പദ്ധതിക്ക് ഒരു മുഴുവന്‍ സമയ കോ-ഓര്ഡിനേറ്റര്പോലും ഇപ്പോഴില്ല. 2008- ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച മാനാഞ്ചിറ- വെള്ളിമാടുകുന്ന് നാലുവരിപാതാ വികസനം 15 വര്‍ഷമായിട്ടും പ്രാവര്‍ത്തികമാകാതെ കിടക്കുകയാണ്. പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചതിനുശേഷം നാലാമത്തെ സര്‍ക്കാറാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്.
2012- ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഫോര്‍ വണ്‍ നോട്ടിഫിക്കേഷന്റെ കാലാവധി കഴിഞ്ഞ് പദ്ധതി തന്നെ ഇല്ലാതാകുമെന്ന ഘട്ടത്തിലാണ് ചരിത്രകാരന് ഡോ. എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപം കൊണ്ടത്. അക്കാലത്താണ് കളക്ടറേറ്റില്‍ നിന്നു അട്ടിമറിയുടെ ഭാഗമായി ഈ റോഡുമായി ബന്ധപ്പെട്ട ചേവായൂര്‍, വേങ്ങേരി വില്ലേജുകളിലെ രണ്ടു ഫയലുകള്‍ ഉദ്യോഗസ്ഥര്‍ മുക്കിയതും പിന്നീട് കണ്ടുപിടിക്കപ്പെട്ടതും.
നഗരപാതാ വികസനപദ്ധതിയില്‍ അവഗണിക്കപ്പെട്ട ഒന്നാം ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ റോഡിന്റെ വികസനം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബഹുജന സമരങ്ങളുടെയും സമ്മര്‍ദങ്ങളുടെയും ഫലമായാണ് ആരംഭിച്ചത്. മൂന്നുതവണകളായി അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 64 കോടി രൂപ അനുവദിക്കുകയും ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങുകയും ചെയ്തു.
പിന്നീട് വന്ന പിണറായി സര്‍ക്കാറിന്റെ കാലത്ത് നഗരപാതാ വികസന പദ്ധതിയില്‍ പൂര്‍ത്തിയായ ആറ് റോഡുകളുടെ ഉദ്ഘാടന ചടങ്ങില്‍ രണ്ടാം ഘട്ടത്തില്‍ ആദ്യപദ്ധതിയായി ഈ റോഡ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും വാഗ്ദാനം നടപ്പിലായില്ല. ദേശീയപാതാ ഉപരോധം നടത്തിയ എം.ജി.എസ്, തായാട്ട് ബാലന് തുടങ്ങിയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ശിക്ഷിക്കുകയും ചെയ്തതിനെ തുടര്‍ന്നുള്ള സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് സ്ഥലം ഏറ്റെടുക്കുവാനുള്ള ബാക്കി തുക നാലുതവണകളായി അഞ്ചുവര്‍ഷത്തിനിടയില്‍ അന്നത്തെ സര്‍ക്കാര്‍ അനുവദിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നിട്ട് രണ്ടുവര്‍ഷം പിന്നിട്ടു. ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് 2024 ഏപ്രിലിനു മുമ്പ് ഈ റോഡ് പൂര്‍ത്തീകരിക്കുമെന്ന് 2022 നവംബറില്‍ നഷ്ടപരിഹാരതുക വിതരണ ചടങ്ങില്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഉദ്യോഗസ്ഥ തലത്തിലുള്ള അനാസ്ഥ കാരണം മന്ത്രിയുടെ വാക്ക് പ്രാവര്‍ത്തികമാകില്ലെന്ന് വ്യക്തമായിരിക്കുകയാണ്. റോഡ് പണി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം പദ്ധതി വൈകിപ്പിക്കുന്നതില്‍ ജനങ്ങളില്‍ കടുത്ത പ്രതിഷേധമാണുള്ളത്.
യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.മാത്യു കട്ടിക്കാന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍, സുനില്‍ ഇന്‍ഫ്രെയിം, പ്രദീപ് മാമ്പറ്റ, എന്‍. ഭാഗ്യനാഥ്, എം.ടി. തോമസ്, കെ.പി.സലിംബാബു, ജോര്‍ജ് ആലക്കല്‍, കെ.വി.സുജീന്ദ്രന്, പി.സദാനന്ദന് എന്നിവര്‍ സംസാരിച്ചു.