വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് റോഡിലിറക്കി തീ വച്ചു
1282276
Wednesday, March 29, 2023 11:40 PM IST
നാദാപുരം: അരൂർ പെരുമുണ്ടശേരിയിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് റോഡിലേക്കിറക്കി തീ വച്ച് നശിപ്പിച്ചു.
പുറമേരി പഞ്ചായത്ത് 12 വാർഡ് പെരുമുണ്ടശേരി അംബ്രോളി മുക്കിലെ കുയ്യാലിൽ സുധീഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് വീട്ട് മുറ്റത്തെ പോർച്ചിൽ നിന്നിറക്കി സമീപത്തെ റോഡിലിറക്കി തീ വച്ച് നശിപ്പിച്ചത്.
വീട്ടിൽ നിന്ന് 150 മീറ്ററിലേറെ ദൂരത്തുള്ള റോഡിലെത്തിച്ചാണ് അഗ്നിക്കിരയാക്കിയത്. ബൈക്ക് പൂർണമായി കത്തി നശിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. സുധീഷിന്റെ അയൽവാസികളാണ് വീടിന് സമീപത്തെ റോഡിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. തുടർന്ന് സുധീഷ് ഉൾപ്പെടെയുള്ളവർ റോഡിലെത്തിയെങ്കിലും ബൈക്ക് കത്തി ചാമ്പലായിരുന്നു.
ഇതിനിടയിലാണ് വീട്ട് മുറ്റത്ത് നിർത്തിയ ബൈക്കാണ് കത്തി നശിച്ചതെന്ന് വീട്ടുകാർ മനസിലാക്കുന്നത്. സുധീഷിന്റെ വീടിന്റെ മുറ്റത്ത് നിർത്തിയിട്ട മറ്റൊരു സ്കൂട്ടറിന്റെ സീറ്റുകളും കേട് വരുത്തിയ നിലയിൽ കണ്ടെത്തി. നാദാപുരം എസ്ഐ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസും, ജില്ല ഫോറൻസിക് സൈന്റിഫിക് ഓഫീസർ ഡോ. മുഹമ്മദ് ഹിഫ്സുദ്ദീൻ, വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.