ജാമ്യത്തിലിറങ്ങി മുങ്ങിയ പോക്സോ കേസ് പ്രതി പിടിയിൽ
1278963
Sunday, March 19, 2023 1:02 AM IST
ഫറോഖ് : പ്രായപൂർത്തിയാകാത്ത കുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതി പിടിയിൽ. അഷ്റഫ് എന്നറിയപ്പെടുന്ന ചാലിയം കൊരട്ടിക്കൽ വീട്ടിൽ അഷ്റഫ് ആണ് ബേപ്പൂർ പിടിയിലായത്.
2014 ലാണ് കേസിന് ആസ്പദമായ സംഭവം.പത്ത് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിക്കായി ബേപ്പൂർ ഇൻസ്പെക്ടർ ബിശ്വാസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം വയനാട്, മലപ്പുറം ജില്ലകളിൽ അന്വേഷണം നടത്തിയിരുന്നു.
മലപ്പുറം വള്ളിക്കുന്ന് ഭാഗങ്ങളിൽ ചിലർ പ്രതിയെ രാത്രി സമയങ്ങളിൽ കണ്ടതായി വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം കടലുണ്ടി റെയിൽവേ പാലത്തിനടിയിലെ ഒഴിഞ്ഞ സ്ഥലത്ത് അന്വേഷണ സംഘം പ്രതിയെ കണ്ടെങ്കിലും പുഴയിൽ ചാടാനുള്ള സാധ്യത മുന്നിൽ കണ്ട് അറസ്റ്റ് ചെയ്യാതെ പിൻമാറുകയായിരുന്നു. പ്രതിയുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരുന്ന അന്വേഷണ സംഘം പ്രതി ഒളിവിൽ കഴിയുന്ന രഹസ്യതാവളത്തിലെത്തി പിടികൂടുകയായിരുന്നു.2013 ൽ ബേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അടിപിടി കേസിലും ഇയാൾ പ്രതിയായിരുന്നു.