പെൺകുട്ടികളെ അർധരാത്രി സ്റ്റോപ്പ് മാറി ഇറക്കിയ സംഭവം: കൈ മലർത്തി കെഎസ്ആർടിസി
1263531
Tuesday, January 31, 2023 12:06 AM IST
കോഴിക്കോട്: പെൺകുട്ടികളെ ഇറങ്ങേണ്ട സ്റ്റോപ്പിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള സ്റ്റോപ്പിൽ ഇറക്കിവിട്ട സംഭവത്തിൽ കൈ മലർത്തി കെഎസ്ആർടിസി.
അതീവ ഗൗരവമുള്ള വിഷയത്തിൽ പോലീസ് ഇടപെട്ടപ്പോഴും സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് കെഎസ്ആർടിസി അധികൃതർ. കഴിഞ്ഞ ദിവസം അർധരാത്രി 12 ഓടെയാണ് കോഴിക്കോട് ലോ കോളജിലെ ആറ് വിദ്യാർഥിനികൾ കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ നിന്ന് തിരുവന്പാടി സൂപ്പർഫാസ്റ്റ് ബസിൽ കയറുന്നത്.
ലോ കോളജിന് സമീപമുള്ള വെള്ളിമാട്കുന്നിൽ സ്റ്റോപ്പുണ്ടോ എന്ന് അന്വേഷിച്ച ശേഷമാണ് ബസിൽ കയറിയതെന്നും വിദ്യാർഥിനികൾ പറയുന്നു.
എന്നാൽ വെള്ളിമാട്കുന്ന് എത്തിയപ്പോൾ നിർത്താതെ ബസ് ഏഴ് കിലോമീറ്റർ അകലെയുള്ള കുന്നമംഗലത്ത് നിർത്തി വിദ്യാർഥിനികളെ ഇറക്കി വിടുകയായിരുന്നു. ഇതോടെ വിദ്യാർഥിനികൾ റോഡിൽ കുത്തിയിരുന്നു. തുടർന്ന് കുന്നമംഗലം പോലീസ് എത്തി സംഭവത്തിൽ ഇടപെട്ടു കേസെടുത്തു. വിദ്യാർഥിനികളെ കൃത്യമായ സ്റ്റോപ്പിൽ ഇറക്കാതെ ഏഴ് കിലോമീറ്റർ അകലെയുള്ള സ്റ്റോപ്പിൽ ഇറക്കി വിട്ടതിൽ കണ്ടക്ടർക്കും ഡ്രൈവർക്കുമെതിരേ കേസെടുത്തതായി കുന്നമംഗലം പോലീസ് അറിയിച്ചു. അതേസമയം സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് കെഎസ്ആർടിസി അധികൃതർ. സൂപ്പർഫാസ്റ്റ് മുതലുള്ള ബസുകൾ എല്ലാ സ്റ്റോപ്പിലും നിർത്തണമെന്ന നിയമം മരവിപ്പിച്ചിട്ടുണ്ടെന്നും ഇന്നലെ രാത്രിയുണ്ടായ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കോഴിക്കോട് ഡിടിഒ യൂസഫ് വ്യക്തമാക്കി. സംഭവത്തിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.