പുലയനാര്‍ക്കോട്ട നെഞ്ചുരോഗ ആശുപത്രിയുടെ നില പരിതാപകരം
1573794
Monday, July 7, 2025 6:32 AM IST
മെഡിക്കല്‍കോളജ്: പുലയനാര്‍ക്കോട്ട നെഞ്ചുരോഗാശുപത്രിയുടെ അവസ്ഥ പരിതാപകരമായി തുടരുന്നു. നവീകരണവും അറ്റകുറ്റപ്പണിയും നിലച്ചതോടെയാണു കഴിഞ്ഞ ഒരുവര്‍ഷമായി ആശുപത്രിയുടെ അവസ്ഥ പരിതാപകരമായിരിക്കുന്നതെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ഒരുനൂറ്റാണ്ടിലേറെ പഴക്കം വരുന്ന ആശുപത്രിയില്‍ കെട്ടിടങ്ങളുടെ അവസ്ഥയും രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന വാര്‍ഡുകളുടെ അവസ്ഥയും ഗതികേടിലാണ്. പരിസരമാകെ കാടുപിടിച്ചു കിടക്കുന്നു.
1870-ല്‍ ആരംഭിച്ച പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ അത്രയും തന്നെ പഴക്കം വരുന്ന ആശുപത്രിയെ അധികാരികള്‍ അവഗണിച്ച മട്ടാണ്. ആശുപത്രിയിലേക്കു ചെല്ലുമ്പോള്‍ കാണാനാകുന്നതു പരിസരമാകെ കാടുകയറി കിടക്കുന്നതാണ്. ശുചീകരണം അടുത്തെങ്ങും ഇവിടേക്ക് നടത്തിയിട്ടില്ലെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ കാണാനാകും.
ആശുപത്രിയിലെ 4, 5, 6 വാര്‍ഡുകളിലേക്കു ചേര്‍ന്നുനില്‍ക്കുന്ന വൃക്ഷത്തലപ്പുകള്‍, ആശുപത്രി കോമ്പൗണ്ടില്‍ എന്‍ട്രന്‍സ് ഭാഗം വരെ എത്തിനില്‍ക്കുന്ന കാട്, പൊട്ടിപ്പൊളിയാറായ നിലയിലുള്ള ആശുപത്രിയുടെ പിന്‍ഭാഗത്തെ കെട്ടിടം, കുടിവെള്ള പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഭാഗംവരെ എത്തിനില്‍ക്കുന്ന കാട്ടുചെടികള്‍... ഇങ്ങനെ പോകുന്നു ഈ ആശുപത്രിയുടെ പരിതാപകരമായ അവസ്ഥ. രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ഭാഗത്ത് കെട്ടിടത്തിനു സമീപം ഇവര്‍ക്കു വസ്ത്രങ്ങള്‍ അലക്കി വിരിക്കാനുള്ള സംവിധാനങ്ങള്‍ വരെ ഇല്ലാതായിരിക്കുന്നു. കാട്ടിനിടയിലൂടെ നടന്നുവേണം ഇതു സാധിക്കാന്‍ എന്നതാണ് അവസ്ഥ.
രോഗികളുടെ വാര്‍ഡുകളിലേക്കു കയറിപ്പോകുന്ന ഭാഗത്തും അവരെ എതിരേല്ക്കുന്നത് രണ്ടുവശത്തും കാടുമൂടിക്കിടക്കുന്ന ഭാഗമാണ്. വാര്‍ഷിക അറ്റകുറ്റപ്പണിയും കാടുവെട്ടിത്തെളിക്കലും ഇവിടെ നടക്കാറില്ലന്നു പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത കുമാരപുരം സ്വദേശിയായ ഒരു 75-കാരന് പറഞ്ഞു.
പാമ്പുകളുടെയും പെരുച്ചാഴികളുടെയും താവളമാണ് ഇവിടമെന്നും രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നതു ഭയപ്പെട്ടാണെന്നും ഇദ്ദേഹം വെളിപ്പെടുത്തി. മഴ പെയ്യുന്ന സമയങ്ങളില്‍ പാമ്പ് ആശുപത്രിക്കുള്ളിലേക്ക് കയറിവരുമെന്ന ആശങ്കവരെ ഇവിടത്തെ രോഗികള്‍ക്കുണ്ട്. പെരുച്ചാഴി ശല്യവും എലികളുടെയും ശല്യവും വേറെയും. കൊതുകുശല്യം പെരുകിയ അവസ്ഥയിലാണ്.
ആരും പാതിപ്പെടാത്തതും ജനശ്രദ്ധയിലേക്ക് ഈ ആശുപത്രി എത്താത്തതുമാണ് ഇവിടെ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളുടെ ദുരവസ്ഥയ്ക്കു കാരണം. ആശുപത്രിയുടെ ദുരവസ്ഥ കേട്ടറിയുന്നവര്‍ ഇവിടേക്ക് എത്താന്‍ മടിക്കുകയാണ്. ഇതു സര്‍ക്കാര്‍ ആശുപത്രിയുടെ പേരിന് കളങ്കവുമുണ്ടാക്കുന്നു. തിരുവനന്തപുരം ജില്ലയിലെ നിരവധി രോഗികള്‍ക്ക് പ്രയോജനപ്പെടുന്നതിനുള്ള ഒരു ആശുപത്രിയാണ് ഇത്തരത്തില്‍ അനാസ്ഥമൂലം നശിച്ചുകൊണ്ടിരിക്കുന്നത്.