ഉദ്ഘാടനം കഴിഞ്ഞിട്ടു നാലുമാസം : എന്നിട്ടും തുറക്കാതെ വിതുര ഗവ. താലൂക്ക് ആശുപത്രി കെട്ടിടം
1573800
Monday, July 7, 2025 6:32 AM IST
വിതുര: ഉദ്ഘാടനം കഴിഞ്ഞു നാലുമാസം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാതെ വിതുര ഗവ. താലൂക്കാശുപത്രി കെട്ടിടം. കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ളവ തുടരുന്നതും ഈ കെട്ടിടത്തിൽതന്നെ. ഫർണിച്ചറുകൾ സ്ഥാപിക്കുന്നതുൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കാൻ വൈകുന്നതാണ് പുതിയ കെട്ടിടത്തിലേക്കു മാറുന്നതിനുള്ള കാരണമെന്നാണ് അധികൃതർ പറയുന്നത്.
ഫെബ്രുവരി 24-നാണ് നാലു കോടിയോളം ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ കെട്ടിടം മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തത്.
അതിനുശേഷമാണ് വൈദ്യുത ബന്ധം ഉൾപ്പടെ സ്ഥാപിക്കുന്ന പണികൾ നടന്നത്. ആശുപത്രി പ്രവർത്തനത്തെക്കുറിച്ച് ഉയർന്ന പരാതികൾക്കൊടുവിൽ ജില്ലാപഞ്ചായത്താണ് കെട്ടിട നിർമാണത്തിന് തുടക്കമിട്ടത്. നിർമാണ പ്രവർത്തനങ്ങൾ പലപ്പോഴും പാതിവഴിയിൽ നിലച്ചതും പരാതികൾക്കു വഴി വച്ചു. 2020ൽ ആരംഭിച്ച പണി ഒടുവിൽ ഈ വർഷമാണ് ഏകദേശം പൂർത്തിയായത്. ആദിവാസി, തോട്ടം മേഖലകളിലെ ആളുകളുടെ ആശ്രയ കേന്ദ്രമായ ആശുപത്രിയിൽ ദിവസവും നൂറു കണക്കിന് രോഗികൾ എത്തുന്നുണ്ട്.
പലപ്പോഴും ജില്ലാ ആശുപത്രിയിലേക്കോ മെഡിക്കൽ കോളജിലേക്കോ റഫർ ചെയ്യുകയാണ് പതിവെന്നും അവർ പറയുന്നു. ആവശ്യത്തിനു ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടേയും സേവനം ഉറപ്പാക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നും പരാതിയുണ്ട്.
പ്രാഥമികാരോഗ്യകേന്ദ്രം എന്ന നിലയിൽനിന്ന് താലൂക്കാശുപത്രിയായി മാറിയെങ്കിലും ആവശ്യമായ സൗകര്യങ്ങളില്ല എന്ന പരാതിക്കൊടുവിലാണ് മേൽനോട്ടം ജില്ലാപഞ്ചായത്ത് ഏറ്റെടുത്തത്. ചെറിയ മുറികളിൽ നടത്തുന്ന പരിശോധനകൾക്കായെത്തുന്ന രോഗികൾ ഇടുങ്ങിയ ഇടനാഴികളിൽ കൂടിനിൽക്കുന്നതും പതിവു കാഴ്ചയാണ്. ഡോക്ടർമാരുടെ കുറവുമൂലം ഇവിടെ പലപ്പോഴും തിരക്കാണ്. എത്രയും വേഗം പുതിയ കെട്ടിടം തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമാണ്.