60ന്റെ നിറവിൽ മതിലുകൾ : സ്നേഹമതില് തീര്‍ത്ത് കരമന സ്കൂളിലെ വിദ്യാര്‍ഥികള്‍
1573195
Saturday, July 5, 2025 6:58 AM IST
പ്രശാന്ത്
പേരൂര്‍ക്കട: സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ എന്ന നോവലിന് ഇന്ന് 60 വയസ് തികയുന്നു. ഇതിന്റെ ഓര്‍മയ്ക്കായി കരമന ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഇന്നലെ സ്നേഹമതില് തീര്‍ത്തു. നോവല്‍ 60-ല്‍ എത്തിയതിന്റെ ആഘോഷം ഒരു സര്‍ക്കാര്‍ വിദ്യാലയം സംഘടിപ്പിക്കുന്നുവെന്ന പ്രത്യേകത സ്നേഹമതിലിന് ഉണ്ടായിരുന്നു. സ്കൂള്‍ മൈതാനത്ത് 60-ന്റെ ആകൃതിയിലാണ് മതില് തീര്‍ത്തത്.
ഈ സംഖ്യാകൃതിയും കടന്ന് സ്നേഹമതില് സ്കൂള്‍ കവാടത്തിലേക്ക് നീണ്ടിരുന്നു. വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, ബിആര്‍സി പ്രതിനിധികള്‍, അനധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍ നാട്ടുകാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ മതിലിന്റെ ഭാഗമായി.
1965-ലാണ് നോവല്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത്. ബഷീര്‍ തിരുവനന്തപുരത്തിരുന്ന് എഴുതിയ ഏകനോവല്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. 1964-ല്‍ എഴുതിയ നോവലിന്റെ കൈയെഴുത്തു പ്രതി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ബഷീര്‍ തിരുവനന്തപുരത്തു തങ്ങി 10 ദിവസം കൊണ്ട് എഴുതി തീര്‍ത്ത നോവലാണ് ഇപ്പോള്‍ വായിക്കപ്പെടുന്നതെന്ന് ചരിത്രകാരന് എം.ജി ശശിഭൂഷണ്‍ അഭിപ്രായപ്പെട്ടു.
സ്കൂള്‍ അങ്കണത്തിലെ മരച്ചുവട്ടിലായിരുന്നു ചടങ്ങ്. കരമന വാര്‍ഡ് കൗണ്‍സിലര്‍ ജി.എസ് മഞ്ജു ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കരമന സിഐ എസ്. അനൂപ്, പ്രിന്‍സിപ്പല്‍ വി.ബി. ബിലു, വൈസ് പ്രിന്‍സിപ്പല്‍ വൈ. മിനി എന്നിവര്‍ പ്രസംഗിച്ചു.
ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടിളുടെ ഭാഗമായി നോവല്‍ പാരായണം, സാഹിത്യ സദസുകള്‍, സാഹിത്യ യാത്ര, വിവിധ സ്കൂളുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള ബഷീര്‍ ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും.